ബംഗാള്‍ ഉല്‍ക്കടലില്‍ രൂപംകൊണ്ട ന്യുനമര്‍ദ്ദം അതി തീവ്ര ന്യുനമര്‍ദ്ദമായി മാറി ഇന്ന് രാത്രിയോടെ ബുറെവി ചുഴലിക്കാറ്റായി മാറും. ബുധനാഴ്‌ച വൈകിട്ടോടെ ശ്രീലങ്ക തീരത്ത്
പ്രവേശിക്കുന്ന ചുഴലിക്കാറ്റ് തുടര്‍ന്ന് ശക്തി കുറഞ്ഞു ചുഴലിക്കാറ്റായി തന്നെ കോമറിന്‍ കടലില്‍ പ്രവേശിച്ചു ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റംവഴി അറബിക്കടലിലേക്ക് പ്രവേശിക്കാനാണ് സാധ്യത.
ന്യൂനമര്‍ദ്ദം ഇപ്പോള്‍ ശ്രിലങ്കന്‍ തീരത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കന്യാകുമാരിക്ക് ആയിരം കിലോമീറ്റര്‍ അകലെയാണ് നിലവില്‍ സ്ഥാനം. ഡിസംബര്‍ രണ്ടിന് വൈകിട്ടോടെയും
മൂന്നിനും സംസ്ഥാനത്തെ നാല് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച കന്യാകുമാരി തീരം തൊടുന്ന ചുഴലിക്കാറ്റിനെത്തുടര്‍ന്ന്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേന, കോസ്റ്റല്‍ ഗാര്‍ഡ്, വ്യോമസേന എന്നിവരോട് കപ്പലുകളും ഹെലികോപ്റ്ററുകളും സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേന്ദ്ര ദുരന്ത പ്രതികരണസേനയുടെ ഏഴ് സംഘങ്ങളെക്കൂടി ആവശ്യപ്പെട്ടു. മറ്റ് കേന്ദ്രസേനകളോടും സജ്ജരായിരിക്കാന്‍ നിര്‍ദേശം നല്‍കി. ശബരിമലയില്‍ പ്രത്യേകജാഗ്രത പുലര്‍ത്തും.
അതിതീവ്രമഴയുണ്ടായാല്‍ ചെറിയ അണക്കെട്ടുകള്‍ തുറക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡാമുകളുടെ സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. തീര്‍ത്ഥാടന കാലം കണക്കിലെടുത്ത് പമ്ബ, മണിമല, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലും ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.
മാലിദ്വീപ് നിര്‍ദേശിച്ച പേരാണ് ‘ബുറെവി.’സീസണിലെ മൂന്നാമത്തെയും ഈ വര്‍ഷത്തെ അഞ്ചാമത്തെയും ചുഴലിക്കാറ്റാണിത്. എഴുപത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും.
പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച മുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.