ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കയ്ക്ക് കിഴക്കുനിന്നും സഞ്ചരിച്ച് തമിഴ്‌നാട്ടിലെ തൂത്തുക്കുടി, തിരുനെല്‍വേലി മേഖല വഴി വെള്ളിയാഴ്ചയോടെ തിരുവനന്തപുരം ഭാഗത്ത് എത്തുമെന്നാണ് വിദഗ്ദ്ധരുടെ അനുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ചുഴലിക്കാറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി അല്‍പസമയം മുമ്ബ് സംസാരിച്ചിരുന്നു.
സംസ്ഥാനം സ്വീകരിച്ച നടപടികള്‍ അദ്ദേഹത്തോട് വിശദീകരിച്ചതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുരേവി ചുഴലിക്കാറ്റ് ഡിസംബര്‍ 4ന് തിരുവനന്തപുരത്ത് കൂടി കടന്ന് പോകാനുള്ള സാധ്യതയാണ് കാണുന്നത്.
ശ്രീലങ്കയിലെ തീരപതനത്തിനുശേഷം വീണ്ടും തെക്കന്‍ തമിഴ്‌നാട് തീരത്ത് പ്രവേശിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാലാവസ്ഥ വകുപ്പിന്റെ നിലവിലെ പ്രവചനം അനുസരിച്ച്
ഡിസംബര്‍ 4ന് പുലര്‍ച്ചെ തെക്കന്‍ തമിഴ്‌നാട്ടില്‍ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് ഉച്ചയോടുകൂടി തന്നെ കേരളത്തിലേക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഡിസംബര്‍ 3ാം തീയതി
മുതല്‍ 5ാം തീയതി വരെ ഇത് തുടരുമെന്നാണ് കരുതുന്നത്. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളിലും മണിക്കൂറില്‍ 60 കിലോമീറ്ററിനു മുകളില്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
എന്‍ഡിആര്‍എഫിന്റെ എട്ട് ടീമുകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. എയര്‍ഫോഴ്‌സിന്റെ സജ്ജീകരണങ്ങള്‍ തമിഴ്‌നാട്ടിലെ കോയമ്ബത്തൂര്‍ ജില്ലയിലെ സുലൂര്‍ എയര്‍ഫോഴ്‌സ് ബേസിലാണ് ഒരുക്കിയിരിക്കുന്നത്.
നാവികസേനയും സജ്ജമാണ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇതിനകം യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഭയാശങ്ക വേണ്ടതില്ല. അസാധാരണമായ ചുഴലിക്കാറ്റ് രൂപീകരണം ആയതുകൊണ്ടുതന്നെ കൃത്യമായ സഞ്ചാരപഥത്തെ കുറിച്ച് കൂടുതല്‍ വ്യക്തത അടുത്ത മണിക്കൂറുകളില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രത സംസ്ഥാനത്ത് ആവശ്യമാണ്. ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.