Breaking News

മലയാളികളുടെ സ്വന്തം കറുത്തമുത്ത് ; ഓര്‍മ്മയിലെ മണിമുഴക്കം നിലച്ചിട്ട് ഇന്ന് അഞ്ചു വര്‍ഷം…

സ്വതസിദ്ധമായ അഭിനയത്തിലൂടെയും ചിരിയിലൂടെയും മലയാളിയുടെ പ്രിയങ്കരനായ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷം തികയുന്നു. എന്നാല്‍ ഈ ലോകത്തോട് വിട പറഞ്ഞിട്ട് അഞ്ചു വര്‍ഷം തികയുമ്ബോഴും

മണിയുടെ മരണകാരണം ഇപ്പോഴും ദുരൂഹമായി തന്നെ തുടരുകയാണ്. മലയാളിയെ ഏറെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌ത ആ മണിമുഴക്കം നിലച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു.

ചാലക്കുടിയിലെ പാടി എന്ന ഔട്ട്ഹൗസില്‍ നിന്നും 2016 മാര്‍ച്ച്‌ 6ന് അബോധാവസ്ഥയില്‍ ആശുപത്രിയിലേക്കു പോയ മണി പിന്നെ ഒരിക്കലും തന്റെ പാട്ടുകളുമായി മടങ്ങി വന്നില്ല.

സിനിമാ രംഗത്തെ സകലകലാവല്ലഭനായിരുന്നു ഈ ചാലക്കുടിക്കാരന്‍ ചങ്ങാതി. അഭിനയിച്ചും മിമിക്രി കാട്ടിയും പാട്ട് പാടിയും മണി ആരാധകമനസില്‍ തന്റേതായ സ്ഥാനം നേടിയെടുത്തു.

ഓട്ടോക്കാരനായ ജീവിതം തുടങ്ങിയ മണി കൈവെയ്‌ക്കാത്ത മേഖലകള്‍ സിനിമാ രംഗത്ത് ചുരുക്കമായിരുന്നു.

ഏതെങ്കിലും ഒരു വേഷത്തില്‍ മാത്രമൊതുങ്ങിയ നടനായിരുന്നില്ല മണി. നായകനായും വില്ലനായും സഹനടനായും ഹാസ്യനടനായും പല രൂപത്തിലും ഭാവത്തിലും മണി പ്രേക്ഷകരെ വിസ്‌മയിപ്പിച്ചു.

വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, സല്ലാപം, അനന്തഭദ്രം, ആമേന്‍, സമ്മര്‍ ഇന്‍ ബെത്‌ലഹേം, ആയിരത്തിലൊരുവന്‍ തുടങ്ങിയ ചിത്രങ്ങള്‍ മണിയുടെ വ്യത്യസ്‌തമായ ഒരു മുഖമാണ് പ്രേക്ഷകര്‍ക്ക് കാണിച്ചു തന്നത്.

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത കലാകാരനായിരുന്നു മണി.

രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങി തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളോടൊപ്പം വെളളിത്തിര‌യ്‌ക്ക് മുന്നിലെത്തി.  ലോകസുന്ദരി ഐശ്വര്യ റായിയോടൊപ്പം രജനീകാന്ത് ചിത്രം യന്തിരനിലും അഭിനയിച്ചു.

തമിഴ് സിനിമകളിലെ ശക്തമായ വില്ലനായിരുന്നു മണി. മമ്മുട്ടി നായകനായ മറുമലര്‍ച്ചി എന്ന ചിത്രത്തിലൂടെ മണിയുടെ തമിഴ് സിനിമയ്‌ക്കും പ്രിയങ്കരനായി.

ജമനിയിലെ മണിയുടെ വില്ലന്‍ വേഷത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. നാടന്‍പാട്ടിന്റെ ശീലുകളുളളതായിരുന്നു മണിയുടെ ഗാനങ്ങള്‍. വിഷയമായതാവട്ടെ സാധാരണക്കാരന്റെ ജീവിതവും.

ഏതൊരു സാധാരണക്കാരനും എളുപ്പത്തില്‍ ജീവിതവുമായി ബന്ധപ്പെടുത്താവുന്നതായിരുന്നു മണിയുടെ പാട്ടുകള്‍. വിവാദങ്ങളുടെയും തോഴനായിരുന്നു മണി. അതിരപ്പളളിയില്‍ പൊലീസുകാരെ മര്‍ദ്ദിച്ചുവെന്നതായിരുന്നു ഒരു വിവാദം.

കയ്യില്‍ വളയിട്ട് വിദേശത്തേയ്‌ക്ക് പോയത് പൊലീസിനെ അറിയിച്ചില്ലെന്നതായിരുന്നു മറ്റൊരു വിവാദം. അദ്ദേഹത്തിന്റെ മരണവും ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനാണ് മണിയുടെ മരണം കൊലപാതകമാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത്.

ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ വിഷാംശം കണ്ടെത്തിയത് ദുരൂഹതയ്ക്ക് ബലം കൂട്ടി. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പലരേയും ചോദ്യം ചെയ്തെങ്കിലും നിര്‍ണായക വിവരങ്ങളൊന്നും കിട്ടിയില്ല.

ഇതോടെയാണ് 2017 മെയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് സിബിഐ അന്വേഷണം തുടങ്ങിയത്. സിനിമരംഗത്തുള്ള സുഹൃത്തുക്കളടക്കം നിരവധി പേരെ ചോദ്യം ചെയ്തു. എന്നാല്‍ കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഒന്നും തന്നെ സിബിഐക്ക് ഇതുവരെയും കിട്ടിയിട്ടില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …