മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടായ പോലെ ലോക്ക്ഡൗണിലേയ്ക്ക് പോകുന്ന സാഹചര്യം ഇവിടേയും ഉടലെടുക്കാതിരിക്കണമെങ്കില്‍, അത്രയധികം ശ്രദ്ധ നമ്മള്‍ പുലര്‍ത്തേണ്ടതായി വരും.
ജീവനൊപ്പം ജീവനോപാധികള്‍ കൂടെ സംരക്ഷിക്കുന്നതിനായി ആണ് നമ്മള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. പക്ഷേ, അതിനു നാടിന്റെ പരിപൂര്‍ണമായ സഹകരണം ആവശ്യമാണ്. കൊറോണ അവലോകന
യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ വാക്കുകളാണ്. വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികള്‍ സര്‍ക്കാര്‍ അനുവദിച്ച പരമാവധി ആളുകളെ വച്ച് നടത്തിയാലോ
എന്നല്ല, മറിച്ച്, അതു തല്‍ക്കാലം മാറ്റി വയ്ച്ചാലോ എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്. നമ്മള്‍ ആഹ്‌ളാദപൂര്‍വം നടത്തുന്ന കാര്യങ്ങള്‍ ദുരന്തങ്ങള്‍ക്കിടയാക്കുന്ന സന്ദര്‍ഭങ്ങളായി മാറുന്നത്
അനുചിതമാണെന്ന് മനസ്സിലാക്കണം. നിലവിലെ സാഹചര്യത്തില്‍ ആളുകള്‍ കൂടുന്ന പരിപാടികള്‍ എല്ലാം ഒഴിവാക്കാന്‍ നാം തയ്യാറാകണം. കഴിഞ്ഞ ദിവസം പറഞ്ഞ പോലെ ഈ
പ്രതിരോധത്തിന്റെ നായകത്വം നമ്മുടെ സമൂഹം, ജനങ്ങള്‍ ആണ് ഏറ്റെടുക്കേണ്ടത്. സംരക്ഷിക്കേണ്ടത് മനുഷ്യരുടെ ജീവനാണ് എന്ന ഉത്തമബോധ്യം നമുക്ക് വേണം. ഇനിയും അതിനു തയ്യാറായില്ലെങ്കില്‍ വലിയ വിപത്താണ് നമ്മള്‍ ഉടനടി നേരിടേണ്ടി വരിക. മറ്റു സംസ്ഥാനങ്ങളിലെ കാഴ്ചകള്‍ നിങ്ങള്‍ കാണുന്നില്ലേ.
അതിവിടേയും ആവര്‍ത്തിക്കണമോ എന്നു ചിന്തിക്കുക. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള പക്വത കാണിക്കണം. അതിനാവശ്യമായ പൗരബോധം കൈമുതലായുള്ള സമൂഹമാണ് നമ്മുടേത്. നമുക്കതിനു സാധിക്കും എന്നത് സുനിശ്ചിതമാണ്.