Breaking News

ലോക്​ഡൗണ്‍: യാത്രാപാസിന്​ വെബ്​സൈറ്റ്​ വഴി അപേക്ഷിക്കാം, മാര്‍ഗനിര്‍ദേശങ്ങള്‍ എന്തെല്ലാം…

കൊവിഡ്​ വ്യാപനം തടയാന്‍ സംസ്​ഥാനത്ത്​ ഏര്‍പ്പെടുത്തിയ ലോക്​ഡൗണില്‍ യാത്ര നിയന്ത്രണം കര്‍ശനമായി തുടരും. അത്യാവശ്യഘട്ടങ്ങളില്‍ പൊലീസ്​ നല്‍കുന്ന പാസ്​ ഉപയോഗിച്ച്‌​ യാത്ര ചെയ്യാം. ഇതിനുള്ള നടപടിക്രമങ്ങള്‍ ​ പുരോഗമിക്കുന്നു.

ജില്ലാ പൊലീസ് മേധാവിമാരുടെ വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ്​ പാസിന്​ അപേക്ഷിക്കേണ്ടത്​. മൊബൈലിലോ ഇ-മെയിലിലോ പാസ് ലഭിക്കും. ഈ സംവിധാനം ഇന്ന്​ വൈകീ​ട്ടോടെയാണ്​ നിലവില്‍ വരിക. അതുവരെ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്​മൂലം ഉപയോഗിച്ച്‌​ യാത്രചെയ്യാം.

പാസിന്​ അപേക്ഷിക്കുമ്ബോള്‍ ശ്ര​ദ്ധിക്കേണ്ട കാര്യങ്ങള്‍:

തിരിച്ചറിയല്‍ കാര്‍ഡുള്ള അവശ്യസേവന വിഭാഗക്കാര്‍ക്കു ജോലിക്കു പോകാന്‍ പാസ് വേണ്ട. ഇന്ന്​ സ്വയം തയാറാക്കിയ സാക്ഷ്യപത്രം മതി.
അടിയന്തര ആവശ്യങ്ങള്‍ക്ക് (മരണം, ആശുപത്രി, വിവാഹം തുടങ്ങിയവ) യാത്ര ചെയ്യുന്നവര്‍ക്കും ഇന്ന്​ സത്യവാങ്​മൂലം കരുതിയാല്‍ മതി.
ഇന്ന്​ വൈകുന്നേരത്തോടെ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരും.
വീട്ടുജോ‍ലിക്കാര്‍, കൂലിപ്പ‍ണിക്കാര്‍, തൊഴിലാളികള്‍ തുടങ്ങി തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ ഓണ്‍ലൈനില്‍ പാസിന് അപേക്ഷ നല്‍കണം. ഇത്​ നേരി​ട്ടോ തൊഴില്‍ദാതാവ് വഴിയോ ചെയ്യാം.
ലോക്ഡൗണില്‍ ഇളവ് നല്‍കിയിരിക്കുന്ന തൊഴില്‍ മേഖലയിലുള്ളവര്‍ക്കും പാസ് നല്‍കും
അവശ്യസേവന വിഭാഗങ്ങള്‍ ഒഴികെയുള്ളവര്‍ പുറത്തിറങ്ങുമ്ബോള്‍ ഈ പാസ് നിര്‍ബന്ധമായും കൈയ്യില്‍ കരുതണം

ടാക്​സി, സ്വകാര്യവാഹനങ്ങള്‍ അവശ്യഘട്ടത്തില്‍ പുറത്തിറക്കാം
ചികിത്സ, മരുന്ന്​, കോവിഡ്​ വാക്​സിനേഷന്‍ തുടങ്ങിയ അവശ്യഘട്ടങ്ങളില്‍ മാത്രമേ സ്വകാര്യ വാഹനങ്ങളിലും ഓണ്‍ലൈന്‍, ടാക്​സി വാഹനങ്ങളിലും യാത്ര അനുവദിക്കൂ. ഇത്തരം യാത്രകളില്‍ പാസ്​ കൈയില്‍ കരുതണം.

ജോലിസ്ഥലത്തേക്ക് ​ പോകുന്ന നിര്‍മാണ തൊഴിലാളികള്‍, തൊഴിലുറപ്പ്​ തൊഴിലാളികള്‍, വാക്സിന്‍ എടുക്കേണ്ടവര്‍, ചികിത്സക്കും കൂട്ടിരിപ്പിനുമായി ആശുപത്രിയില്‍ പോകുന്നവര്‍, കൊവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വീട്ടുജോലിക്കാര്‍, പ്രായമായവരെയും കിടപ്പുരോഗികളെയും പരി‍ചരിക്കുന്നവര്‍ എന്നിവര്‍ക്കും യാത്ര ചെയ്യാം. പ്രവര്‍ത്തനാനുമതിയുള്ള തൊഴില്‍മേഖലയിലുള്ളവര്‍ തിരിച്ചറിയല്‍ രേഖ കൈയ്യില്‍ കരുതണം.

അന്തര്‍ജില്ല യാത്രക്ക്​ പാസില്ല

മറ്റു ജില്ലകളിലേക്കുള്ള യാത്രക്ക്​ നിലവില്‍ പാസ്​ അനുവദിക്കില്ല. അത്യാവശ്യഘട്ടത്തില്‍ പോകുന്നവര്‍ പേരും വിലാസവും യാത്രാ ഉ‍ദ്ദേശ്യവും രേഖപ്പെടുത്തി സ്വയം തയാറാക്കിയ സത്യവാങ്മൂലം കരുതണം.

ചരക്ക്​ വാഹനങ്ങള്‍ക്കും അടിയന്തര സേവനങ്ങള്‍ക്കും ജില്ലക്ക്​ ​പുറത്തേക്ക്​ പോകാം. ഇവര്‍ കോവിഡ് പോര്‍ട്ടലില്‍ (covid19jagratha.kerala.nic.in) റജിസ്റ്റര്‍ ചെയ്യണം.

ട്രെയിന്‍, വിമാന യാത്രക്കാര്‍ ശ്രദ്ധിക്കാന്‍:

ലോക്​ഡൗണില്‍ റോഡ്​, ജല പൊതുഗതാഗതം പുര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്​. ചുരുക്കം ചില ട്രെയിനുകളും വിമാനങ്ങളും മാത്രമാണ്​ സര്‍വീസ്​ നടത്തുന്നത്​. ഇതിനായി വിമാനത്താവളങ്ങളിലേക്കും റെയില്‍വെസ്​റ്റേഷനിലേക്കും ടാക്​സി, സ്വകാര്യ വാഹനങ്ങളില്‍പോകുന്നവര്‍ ടിക്കറ്റ്​ ​കൈയില്‍ കരുതണം. പൊലീസ്​ ഉദ്യോഗസ്​ഥര്‍ ആവശ്യപ്പെട്ടാല്‍ ഇത്​ കാണിച്ച്‌​ കൊടുക്കണം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …