ലോക്ഡൗണ്‍ പ്രതിസന്ധി ഗുരുതരമായി ബാധിച്ച തൊഴില്‍ മേഖലകളിലൊന്നാണ് ഓട്ടോ – ടാക്സി സര്‍വിസ്. റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍പോലും പൊലീസ് പെറ്റി അടിക്കുന്ന അവസ്ഥയാണ് കോവിഡ് സൃഷ്ടിച്ചത്.
പിന്നെങ്ങനെ വാഹനം നിരത്തിലോടിക്കും. സര്‍ക്കാര്‍ അനുവദിച്ച ആവശ്യങ്ങള്‍ക്കായി പോയാലും പോകുമ്ബോള്‍ അല്ലെങ്കില്‍ തിരിച്ചുവരുമ്ബോള്‍ പെറ്റി ലഭിക്കും. കാരണം ബോധിപ്പിച്ചാലും അപ്പോള്‍തന്നെ ഇതിനാവശ്യമായ തെളിവുകള്‍ നല്കാന് സാധിക്കാത്തതാണ് കാരണം.
ആശുപത്രിയിലേക്ക് രോഗികളുമായി പോകാന്‍ അനുവദിക്കും. തിരിച്ചുവരുമ്ബോള്‍ തടഞ്ഞുനിര്‍ത്തി പെറ്റി അടിക്കും. ഇതാണ് ലോക്ഡൗണ്‍ കാലത്തെ ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ നേരിടുന്നത്. ഒന്നാം ഘട്ട ലോക്ഡൗണില്തന്നെ വ്യാപകമായി
പൊതുജനങ്ങള്‍ ഇരുചക്ര വാഹനങ്ങളിലേക്ക് മാറിയിരുന്നു. എല്ലാ വീട്ടിലും ഇരുചക്ര വാഹനമുണ്ടെന്ന അവസ്ഥവന്നു. ഇതോടെ ഓട്ടോ ടാക്സികളെ ആശ്രയിക്കുന്ന അവസ്ഥ കുറഞ്ഞു. ആയിരങ്ങളാണ് ഓട്ടോ ഓടിച്ച് ജീവിക്കുന്നത്.
കൂലിക്ക് ഓടിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം 100 രൂപക്ക് ഓട്ടം പോയാല്‍ 30 രൂപയാണ് കൂലി ലഭിക്കുന്നത്. രോഗവ്യാപനം ഉണ്ടാകുന്നതിനുമുമ്ബ് പ്രതിദിനം ശരാശരി 700 രൂപവരെ കൂലി ലഭിച്ചിരുന്നു.
ഇതിനനുസരിച്ചുള്ള ജീവിതമാണ് അവര്‍ നയിച്ചിരുന്നത്. ബാങ്ക് ലോണ്‍, പലിശക്കാരില്നിന്നെടുക്കുന്ന വായ്പകള്‍ എല്ലാം ഈ വരുമാനത്തില്‍നിന്ന് വീട്ടിയിരുന്നു. ആദ്യ ലോക്ഡൗണില്തന്നെ എല്ലാ കണക്കുകൂട്ടലും
തെറ്റി ജീവിതം പ്രതിസന്ധിയിലായി. മാസങ്ങള്‍ കഴിഞ്ഞ് ഇളവ് ലഭിച്ചെങ്കിലും ഓട്ടം ലഭിച്ചില്ല. ജനജീവിതം സാധാരണഗതിയിലേക്ക് മടങ്ങിവരാത്തതാണ് കാരണം.