കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതോടെ രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, ലോക്ക്ഡൗണ്‍ കാലത്ത് വിചിത്രമായ
നിരവധി സംഭവങ്ങളാണ് പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്നാട്ടില്‍ സാനിറ്റൈസറില്‍ നിന്ന് മദ്യം ഉണ്ടാക്കിയതിന് ആറ് പേരെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിലെ രാമനാഥന്‍ കുപ്പം ജില്ലയില്‍ നടന്ന സംഭവം. സാനിറ്റൈസറുകളില്‍ നിന്ന് ചിലര്‍ മദ്യം ഉണ്ടാക്കുന്നുവെന്ന് പൊലീസിന് മുന്നറിയിപ്പ് നല്‍കിയതിനെ
തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്നതോടെ അണുബാധകളുടെ എണ്ണം കണക്കിലെടുത്ത് തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ മദ്യവില്‍പ്പന ശാലകളായ ടാസ്മാക്സ് അടച്ചു പൂട്ടിയിരുന്നു.
തമിഴ്നാട്ടിലെ കുറഞ്ഞത് 16 ജില്ലകളിലും 20 ശതമാനത്തില്‍ അധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ മദ്യത്തിന് പകരമായി സാനിറ്റൈസര്‍ ഉപയോഗിക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
കഴിഞ്ഞ വര്‍ഷം 35കാരനായ തമിഴ്‌നാട് സ്വദേശി ഹാന്‍ഡ് സാനിറ്റൈസര്‍ കഴിച്ച് മരിച്ചിരുന്നു. ഈ വര്‍ഷം ആദ്യം മധ്യപ്രദേശിലെ ഭോപ്പാലില്‍ മൂന്ന് സഹോദരന്മാര്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് മൂന്ന് ലിറ്റര്‍ സാനിറ്റൈസര്‍ കുടിച്ച് മരിച്ചു.
മൂന്നുപേരും മദ്യത്തിന് അടിമകളായിരുന്നുവെന്നും മദ്യവില്‍പ്പന ശാലകള്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് മദ്യം ലഭിക്കാതെ വന്നതോടെയാണ് സാനിറ്റൈസര്‍ കുടിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.