ഡെല്‍ഹി കലാപക്കേസില്‍ യു എ പി എ ചുമത്തപ്പെട്ട് ജയിലിലാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഒടുവില്‍ മോചനം. ജാമ്യം ലഭിച്ച ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളായ നതാഷ നര്‍വാല്‍, ദേവാംഗന കലിത, ജാമിയ മിലിയ ഇസ്ലാമിയ
സര്‍വകലാശാലയിലെ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്കാണ് മോചനം. ഡെല്‍ഹി കോടതിയാണ് മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിചാരണ കോടതിയുടെ ഉത്തരവ്
റദ്ദാക്കിക്കൊണ്ടാണ് ഡെല്‍ഹി ഹൈകോടതി മൂന്നു പേര്‍ക്കും ജാമ്യം അനുവദിച്ചത്. വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള തിരക്കിനിടെ അധികൃതര്‍ പ്രതിഷേധവും ഭീകര പ്രവര്‍ത്തനവും തമ്മിലുള്ള അതിര്‍വരമ്ബ്
അവ്യക്തമാക്കിയെന്ന് ഹൈകോടതി വിമര്‍ശം ഉന്നയിച്ചിരുന്നു. ജാമ്യം ലഭിച്ച വിദ്യാര്‍ഥികളുടെ മോചനം ഡെല്‍ഹി പൊലീസ് വൈകിപ്പിക്കുന്നതായി കാണിച്ച് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചിരുന്നു.
ജാമ്യം അനുവദിച്ച് 36 മണിക്കൂര്‍ കഴിഞ്ഞുവെന്നും ജയിലില്‍ നിന്ന് എത്രയും വേഗം മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് മൃദുല്‍, എ ജെ ഭംഭാനി എന്നിവരടങ്ങിയ
ഹൈകോടതി ബെഞ്ച് വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയും വിദ്യാര്‍ഥികളെ മോചിപ്പിക്കുന്നതിനായി വിചാരണ കോടതിക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയുമായിരുന്നു. എന്നാല്‍ ജാമ്യം ലഭിച്ചെങ്കിലും
വിദ്യാര്‍ഥികളെ മോചിപ്പിക്കുന്നതിന് മുമ്ബ് അവരുടെയും ജാമ്യം നിന്നവരുടെയും മേല്‍വിലാസങ്ങള്‍ ശരിയാണോ എന്ന് വിലയിരുത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട്
ഡെല്‍ഹി പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് ഹൈകോടതി ജാമ്യം അനുവദിച്ചിട്ടും വിദ്യാര്‍ഥികളുടെ മോചനം വൈകിപ്പിക്കാന്‍ ഡെല്‍ഹി പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണം അഭിഭാഷകന്‍
കോടതിയില്‍ ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം ഡെല്‍ഹിയിലുണ്ടായ കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപത്തിന് ഗൂഢാലോചന നടത്തി, പ്രകോപനപരമായി പ്രസംഗിച്ചു, ആളെ കൂട്ടി തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് വിവിധ വിദ്യാര്‍ഥി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.