പഴനി പീഡനക്കേസിൽ പരാതിക്കാർക്കെതിരെ ആരോപണവുമായി ലോഡ്ജ് ഉടമ രംഗത്ത്. പരാതിക്കാരായ യുവതിയും ഭർത്താവും മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിലെന്ന് ലോഡ്ജ് ഉടമ മുത്തു ന്യൂസ് 22 വിനോട് പറഞ്ഞു.
പീഡനം നടന്നുവെന്ന് പറയുന്ന പത്തൊൻപതാം തീയതിയാണ് സ്ത്രീയും പുരുഷനും മുറിയെടുത്തതെന്ന് ലോഡ്ജ് ഉടമ പറഞ്ഞു. മുറിയെടുക്കുമ്പോൾ താൻ ഉണ്ടായിരുന്നില്ല. അമ്മയും
മകനുമെന്നുമാണ് പറഞ്ഞ്. മുറിയില്ലെന്ന് പറഞ്ഞപ്പോൾ ഒരു രാത്രി തങ്ങാനാണെന്നും എങ്ങനെയെങ്കിലും മുറി നൽകണമെന്നും പറഞ്ഞു. അടുത്ത ദിവസം രാവിലെ പോകുമെന്നും പറഞ്ഞിരുന്നു.
എന്നാൽ പിറ്റേ ദിവസവും അവർ ലോഡ്ജിൽ തുടർന്നു. അന്ന് അവർ മുറിയിൽ മദ്യപിക്കുകയും കലഹിക്കുകയും ചെയ്തു. ആധാർ കാർഡ് തിരികെ വാങ്ങി മടങ്ങുമ്പോൾ വീട്ടമ്മ
ആരോഗ്യവതിയായിരുന്നുവെന്നും ലോഡ്ജ് ഉടമ പറഞ്ഞു. ആറാം തീയതി പൊലീസാണെന്ന് പറഞ്ഞ് വിളിച്ച് പണം ആവശ്യപ്പെട്ടു.
പുലർച്ചെ അഞ്ച് മണിക്കാണ് കോൾ വന്നത്. തന്റെ ജോലിയെന്താണെന്ന് ഫോൺ വിളിച്ച ആൾ ചോദിച്ചു. ലോഡ്ജ് നടത്തുകയാണെന്ന് പറഞ്ഞപ്പോൾ വേറെ എന്താണ് ജോലിയെന്ന് ചോദിച്ചു. ലോഡ്ജിലെ സിസിടിവി
ദൃശ്യങ്ങൾ, രണ്ട് വർഷത്തെ റെക്കോർഡ്, പണം എന്നിവയുമായി നേരിൽ കാണണമെന്നും അല്ലെങ്കിൽ കുടുംബത്തെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ലോഡ്ജ് ഉടമ ആരോപിച്ചു.
പളനിയിൽ തീർഥാടനത്തിന് പോയ തലശേരി സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നാരോപിച്ചാണ് ഇവരുടെ ഭർത്താവ് പരാതി നൽകിയത്. ഭർത്താവിനെ
മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് ലോഡ്ജ് ഉടമയും കൂട്ടാളികളും യുവതിയെ മാരകമായി പരിക്കേൽപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴിയെടുത്ത കണ്ണൂർ പൊലീസ് വിശദമായ അന്വേഷണത്തിന് വിവരങ്ങൾ തമിഴ്നാട് സർക്കാരിന് കൈമാറിയിരുന്നു.