കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ഉയര്‍ത്തിയ ആശങ്കകള്‍ പൂര്‍ണമായും അവസാനിക്കുന്നതിന് മുമ്ബാണ് കാപ്പ എന്ന
പുതിയ വകഭേദം രാജ്യത്ത് പ്രത്യക്ഷപ്പെട്ടത്. ഏഴ് രോഗികളിലാണ് നിലവില്‍ കാപ്പ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്.
രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാപ്പ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ വൈറസിന് ഇരട്ട ജനിതകമാറ്റം സംഭവിച്ച് രൂപപ്പെട്ട വകഭേദമാണ് കാപ്പയും.
രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ എസ് എം എസ് മെഡിക്കല്‍ കോളേജില്‍ നിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവായ സാമ്ബിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് ജനിതക ശ്രേണീകരണത്തിനായി അയച്ചിരുന്നു.
കോവിഡിന്റെ രണ്ടാം വ്യാപനഘട്ടത്തില്‍ അയച്ച 174 സാമ്ബിളുകളില്‍ 166 എണ്ണത്തില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയപ്പോള്‍ അഞ്ചെണ്ണത്തിലാണ് കാപ്പ വകഭേദം സ്ഥിരീകരിച്ചത്.
സമാനമായി ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ നിന്ന് അയച്ച 109 സാമ്ബിളുകളില്‍ 107 എണ്ണത്തിലും ഡെല്‍റ്റ വകഭേദവും രണ്ടെണ്ണത്തില്‍ കാപ്പ വകഭേദവും സ്ഥിരീകരിച്ചു.
ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ്, ലാംഡ എന്നീ വകഭേദങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ കാപ്പ വകഭേദമാണ് വലിയ തോതില്‍ ആശങ്കകള്‍ ഉയര്‍ത്തുന്നത്.
കൊറോണ വൈറസിന് ഇരട്ട ജനിതകമാറ്റം സംഭവിച്ച് രൂപപ്പെട്ട വകഭേദമാണ് കാപ്പ. B.1.617 എന്ന വിഭാഗത്തില്‍പ്പെടുന്ന വകഭേദങ്ങളുമായി ബന്ധമുണ്ട് ഇതിന്. മെയ് അവസാനമാണ് ലോകാരോഗ്യ സംഘടന ഈ വകഭേദത്തിന് കാപ്പ എന്ന പേര് നല്‍കിയത്.
ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ B.1.617 എന്ന വകഭേദം വീണ്ടും ജനിതമാറ്റങ്ങള്‍ക്ക് വിധേയമായാണ് B.1.617.1, B.1.617.2, B.1.617.3 എന്നീ വകഭേദങ്ങള്‍ രൂപപ്പെട്ടത്. ഇവയില്‍ B.1.617.1 എന്ന വകഭേദത്തിനാണ് കാപ്പ എന്ന പേര് നൽകിയിരിക്കുന്നത്.B.1.617.2 ആണ് ഡെല്‍റ്റ എന്നറിയപ്പെടുന്നത്. മൂന്നാമത്തെ വകഭേദം കൂടുതലായി വ്യാപിച്ചിട്ടില്ലാത്തതിനാല്‍ പേരൊന്നും നല്‍കിയിട്ടില്ല.