യുഎസ് സേന ദൗത്യം അവസാനിപ്പിച്ച് മടങ്ങുന്ന അഫ്ഗാനിസ്താനില്‍ സൈനിക അധിനിവേശം കൂടുതല്‍ ശക്തമാക്കി താലിബാന് ഭരണകൂടം. ഔദ്യോഗിക സര്‍ക്കാര്‍ ഭരണം
നിലനില്‍ക്കുന്ന ഹെറാത്ത്, ലഷ്കര്‍ ഗഹ്, കാണ്ഡഹാര്‍ തുടങ്ങിയ നഗരങ്ങളില്‍ ഇരുവിഭാഗവും തമ്മില്‍ പോരാട്ടം ശക്തമാണെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഹെറാത്തില്‍ താലിബാന്
മുന്നേറ്റം തടയാന്‍ നൂറുകണക്കിന് കമാന്‍ഡോകളെ വിന്യസിച്ചതായി അഫ്ഗാന് ഭരണകൂടം അറിയിച്ചു.
ഹെല്‍മന്ദിലെ ലഷ്കര്‍ ഗഹിലും കൂടുതല്‍ സൈനികരെ ഉടന്‍ നിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. താലിബാന് കേന്ദ്രങ്ങളില്‍ അഫ്ഗാന് സര്‍ക്കാറിനു പുറമെ യു.എസ് ബോംബറുകളും ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ട്.
കാണ്ഡഹാറില്‍ ബോംബാക്രമണങ്ങളില്‍ അഞ്ച് സിവിലിയന്മാര് കൊല്ലപ്പെട്ടതായാണ് വിവരം. അതെ സമയം ആക്രമണം ശക്തമായ കാണ്ഡഹാറും ലഷ്കര്‍ ഗഹും പിടിക്കാനായാല്‍
പരിസരത്തെ അഞ്ച് പ്രവിശ്യകള്‍ കൂടി പിടിയിലൊതുക്കല്‍ താലിബാന് എളുപ്പമാകും. മൂന്ന് പ്രധാന പട്ടണങ്ങളില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതായി അഫ്ഗാന് സര്‍ക്കാര്‍
സൈനിക വക്താവ് ജനറല്‍ അജ്മല്‍ ഉറമര്‍ ഷിന്‍വാരി അറിയിച്ചു. കാണ്ഡഹാര്‍ വിമാനത്താവളത്തില്‍
റോക്കറ്റ് പതിച്ചതോടെ ഇവിടെ തത്കാലം ആക്രമണം നിര്‍ത്തിവെച്ചിട്ടുണ്ട്. മൂന്ന് റോക്കറ്റുകളാണ് രാത്രിയില്‍ താലിബാന് ഇവിടെ വര്‍ഷിച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ അഫ്ഗാന് മണ്ണിന്റെ പാതിയിലേറെയും നിയന്ത്രിക്കുന്നത് താലിബാനാണ്.