മത്സരം എന്നാല്‍ വിജയിക്കുന്നവര്‍ക്ക് മാത്രമുള്ളതല്ല മറിച്ച് മികച്ച പ്രകടം കാഴ്ചവെക്കുന്നവരും താരങ്ങളാണ്. ടോക്യോ ഒളിംപിക്സില്‍ വെങ്കല മെഡലിനരികെ എത്തിയിട്ടും മെഡല്‍
നഷ്ടമായവര്‍ക്ക് സമ്മാനമായി ആള്‍ട്രോസ് നല്‍കുമെന്ന് ടാറ്റാ മോട്ടോഴ്സ്. ഒളിംപിക്സില്‍ ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനം ഇന്ത്യയുടെ കായിക ചരിത്രത്തില്‍ ഒരു പൊന്‍
തൂവല്‍ കൂട്ടിച്ചേര്‍ത്തു. നീരജ് ചോപ്ര, മീരാബായ് ചാനു എന്നിവരുള്‍പ്പടെ ചില കായിക താരങ്ങള്‍ മെഡല്‍ സ്വന്തമാക്കിയിരുന്നു.
എന്നാല്‍ കഠിന പരിശ്രമങ്ങളിലൂടെ മെഡലിനരികെ എത്തിയിട്ടും സ്വന്തമാക്കാന്‍ സാധിക്കാത്തവരുടെ മികച്ച പ്രകടനങ്ങളും പ്രശംസനീയമാണ്. അങ്ങനെയുള്ള കായികതാരങ്ങളെ അഭിനന്ദിക്കുന്നതോടൊപ്പം അവര്‍ക്ക് ടാറ്റാ മോട്ടോഴ്സ് വാഹനം നല്കുന്നു.
മെഡല്‍ നേടുക എന്നതിലുപരി രാജ്യത്തെ പ്രതിനിധീകരിച്ച് ഒളിംപിക്സ് പോലുള്ള മത്സരങ്ങളില്‍ പങ്കെടുത്തവരുടെ പ്രയത്നങ്ങള്‍ ചെറുതല്ല. മെഡല്‍ കൈവരിച്ചില്ലെങ്കിലും രാജ്യത്തെ നൂറു കോടി ജനങ്ങളുടെ ഹൃദത്തില്‍
ഇടം പിടിക്കാന്‍ ഈ കായിക താരങ്ങള്‍ക്ക് സാധിച്ചു. ഇന്ത്യയിലെ വളര്‍ന്നു വരുന്ന മറ്റു കായികതാരങ്ങള്‍ക്ക് ഇതൊരു പ്രചോദനമാവുമെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കില്‍ ബിസിനസ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.