കുടുംബകലഹത്തിനിടെ ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട തൂവല്ലൂര്‍ക്കോണം പാറവിളാകത്ത് റോഡരികത്ത് വീട്ടില്‍ മുരുകനെയാണ് (58) കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
കൈക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ ഭാര്യ എസ്. സുലോചന (56) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ 6.45ഓടെയാണ് സംഭവം. കുടുംബവുമായി പിണങ്ങിക്കഴിയുകയായിരുന്നു മുരുകന്.
വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തി ഭാര്യയുമായി വഴക്കിട്ട ഇയാള്‍ വെട്ടുകത്തി കൊണ്ട് സുലോചനയെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.