കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ടര വര്‍ഷത്തോളമായി അടഞ്ഞുകിടന്ന ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ തുടങ്ങി. ക്ലാസ് മുറികള്‍, ശൗചാലയങ്ങള്‍, കിണറുകള്‍ എന്നിവ ശുചീകരിക്കുന്നതിനൊപ്പം ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലാതാക്കാന്‍ സ്‌കൂള്‍
കെട്ടിട ചുമരുകളിലും അടിത്തറകളിലും എവിടെയെങ്കിലും ദ്വാരങ്ങളുണ്ടെങ്കില്‍ അവ അടയ്ക്കാനും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് കുസുമം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖേന സ്‌കൂള്‍ പ്രധാനധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി. പരീക്ഷയുള്ളതിനാല്‍ ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗം കെട്ടിടങ്ങളെല്ലാം ഇതിനകം തന്നെ ശുചീകരിച്ചിട്ടുണ്ട്.
അതിനാല്‍ പ്രൈമറി സ്‌കൂളുകളിലാണ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ളത്. ജില്ലയില്‍ 346 സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകളാണുള്ളത്. 488 എയ്ഡഡ് എല്‍.പി സ്‌കൂളുകളും 40 അണ്‍ എയ്ഡഡ് എല്‍പി സ്‌കൂളുകളും ജില്ലയിലുണ്ട്. യു.പി വിഭാഗത്തില്‍ 96 സര്‍ക്കാര്‍ സ്‌കൂളുകളും 230 എയ്ഡഡ് സ്‌കൂളുകളും 38 അണ്‍ എയ്ഡഡ് സ്‌കൂളുകളുമാണ് ജില്ലയിലുള്ളത്.
106 സര്‍ക്കാര്‍ ഹൈസ്‌കൂളുകള്‍, 85 എയ്ഡഡ് ഹൈസ്‌കൂളുകള്‍, 126 അണ്‍ എയ്ഡഡ് ഹൈസ്‌കൂളുകള്‍ എന്നിവയും ജില്ലയിലുണ്ട്. ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലായി ജില്ലയില്‍ 7,77,569 വിദ്യാര്‍ഥികളുമുണ്ട്. ഈ അധ്യയന വര്‍ഷത്തില്‍ 77,037 വിദ്യാര്‍ഥികളും പുതുതായി ഒന്നാം തരത്തിലെത്തി. ഹയര്‍സെക്കന്‍ഡറിയില്‍ പ്ലസ്ടുവില്‍ മാത്രമായി 5,585 വിദ്യാര്‍ഥികളുമുണ്ട്.
2804 ആണ് ജില്ലയില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലെ വിദ്യാര്‍ഥികളുടെ എണ്ണം. പ്രീ പ്രൈമറി തലത്തില്‍ കുട്ടികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം സുരക്ഷ ഉറപ്പാക്കാനുമാണ് നിര്‍ദേശം. സ്‌കൂള്‍ കെട്ടിടങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ഇവിടങ്ങളില്‍ ഇഴജന്തുക്കള്‍ ഉള്‍പ്പെടെയുള്ളവ എത്തിപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേക ശ്രദ്ധ വേണമെന്ന് സ്‌കൂള്‍ പ്രധാനധ്യാപകര്‍ക്കും പി.ടി.എ ഭാരവാഹികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.