കലൂരില്‍ മതിലിടിഞ്ഞുവീണ് കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളെ രക്ഷപ്പെടുത്തി. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല. രണ്ടാമനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അഗ്നിശമനസേന തുടരുന്നു. ഇന്ന് ഉച്ചയോടെ കലൂല്‍ ഷേണായീസ് ക്രോസ് റോഡിലായിരുന്നു അപകടം.
കാന വൃത്തിയാക്കുന്നതിനായി മതിലിനോട് ചേര്‍ന്ന് ജോലിചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. കാന വൃത്തിയാക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന കാലപ്പഴക്കം ചെന്ന മതില്‍ തൊഴിലാളികളുടെ മേല്‍ പതിക്കുകയായിരുന്നു.
ഉടന്‍ സമീപത്തുണ്ടായിരുന്നവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് മതിലിന്റെ ഭാഗം മുറിച്ച് നീക്കി പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് അഗ്‌നിരക്ഷാസേന. കോണ്‍ക്രീറ്റ് മുഴുവനായും മുറിച്ചുമാറ്റാതെ ഇവര്‍ക്ക് കാല്‍ അനക്കാന്‍ പോലുമാകാത്ത സ്ഥിതിയാണ്.
വലിയ പാളിയായതിനാല്‍ മുറിച്ചുമാറ്റാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. അര മണിക്കൂറിലേറെയായി ഇവര്‍ വേദന സഹിച്ച് കുടുങ്ങിക്കിടക്കുകയാണ്. ഇവരെ പുറത്തെടുത്താല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആംബുലന്‍സ് അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ തയ്യാറാണ്.