കോവിഡ് ദുരിതത്തില്‍ പൊറുതിമുട്ടുന്ന ജനത്തിന്റെ വയറ്റത്തടിക്കുകയാണ് ഓരോ ദിവസവും റോക്കറ്റ് പോലെ കുതിക്കുന്ന ഇന്ധനവില. ക്രമാതീതമായി ഇന്ധനവില വര്‍ധിച്ചതോടെ കാത്തിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകള്‍. 100 രൂപയിലേക്കാണ് ഡീസല്‍വില ഉയര്‍ന്നത്. തലസ്ഥാന ജില്ലയില്‍ പാറശ്ശാലയില്‍ 100.11 രൂപയും വെള്ളറടയില്‍ 100.08 രൂപയുമായി.
ഡീസലിന് 38 പൈസയും പെേട്രാളിന് 30 പൈസയുമാണ് ശനിയാഴ്ച രാത്രിയോടെ വര്‍ധിച്ചത്. നാലുമാസം മുമ്ബാണ് സംസ്ഥാനത്ത് പെട്രോള്‍ വില 100 രൂപ കടന്നത്. പാറശ്ശാലയില്‍ ഒരുലിറ്റര്‍ പെട്രോളിന് 106.67 രൂപയാണ് വില. കഴിഞ്ഞ 10 മാസത്തിനിടെ ഡീസലിന് 19.63 രൂപയും പെട്രോളിന് 20.19 രൂപയുമാണ് വര്‍ധിച്ചത്.
അതേസമയം കേരളത്തെക്കാള്‍ മൂന്നുരൂപ കുറവാണ് തമിഴ്നാട്ടില്‍. അതിനാല്‍ തലസ്ഥാന ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍നിന്ന് വാഹനങ്ങള്‍ കൂട്ടമായെത്തി തമിഴ്നാട്ടില്‍ നിന്ന് ഇന്ധനം നിറക്കുന്നതും ഇപ്പോള്‍ കാഴ്ചയാകുകയാണ്. തമിഴ്നാട് എക്സൈസ് നികുതിയില്‍നിന്ന് മൂന്നുരൂപയാണ് കുറച്ചത്. ഇതിലൂടെ 1200 കോടിയൂടെ ആശ്വാസമാണ് തമിഴ്നാട്ടില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നത്.
ഈ മഹാമാരിക്കാലത്ത് സര്‍ക്കാറുകള്‍ കരുണകാണിക്കണമെന്നാണ് ജനത്തിൻരെ ആവശ്യം. ഇന്ധനവില 100 രൂപ കടന്നപ്പോള്‍ അതില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നുപിടിച്ചുവാങ്ങുന്നത് 25 രൂപയുടെ നികുതിയാണ്. കേന്ദ്രസര്‍ക്കാര്‍ നികുതിയിനത്തില്‍ ഈടാക്കുന്നത് 37 രൂപയും. അധിക ഇന്ധനനികുതി വര്‍ധനയിലൂടെ കേരളത്തിന് പ്രതിവര്‍ഷം 5000 കോടിയും കേന്ദ്ര സര്‍ക്കാറിന് 12000 കോടിരൂപയുമാണ് ലഭിക്കുന്നത്.