ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് പ്രളയം. നൈനിറ്റാള്‍ ജില്ലയിലാണ് നാശനഷ്ടം. ദുരന്തത്തില്‍ 17 പേര്‍ മരിച്ചതായാണ് സംസ്ഥാന എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ നല്‍കുന്ന പ്രാഥമിക വിവരം. നൈനിറ്റാള്‍ നദി കരകവിഞ്ഞു. രാംനഗറിലെ റിസോര്‍ട്ടില്‍ 100 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രാത്രിയാണ് ഇവിടെ ദുരന്തമുണ്ടായത്.
ചമ്ബാവതി ജില്ലയില്‍ നൈനിറ്റാളിനെയും ഉദ്ധം സിംഗ് നഗറിനെയും ബന്ധിപ്പിക്കുന്ന ഹല്‍ദ്‌വാനി പാലത്തിന്റെ ഒരു ഭാഗം ഒഴുകിപ്പോയി. രണ്ട് ബൈക്ക് യാത്രികര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രാംനഗറിലെ ലെമണ്‍ ട്രീ റിസോര്‍ട്ടില്‍ 100 ഓളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കോസി നദിയില്‍ നിന്നുളള വെള്ളം റിസോര്‍ട്ടില്‍ കയറിയിട്ടുണ്ട്. ഇതിനിടെ വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
അതി ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം ബദരിനാഥ് ദേശീയപാത തടസ്സപ്പെട്ടു. ഇവിടെ കുടുങ്ങിപ്പോയ നിരവധി യാത്രക്കാരെ രക്ഷപ്പെടുത്തി. നൈനിറ്റാള്‍ തടാകത്തില്‍ ജലനിരപ്പ് ഉയര്‍ന്നു. റോഡുകളിലും വീടുകളിലും കെട്ടിടങ്ങളിലും വെള്ളം കയറി. മേഖലയില്‍ ഇത്തവണ കൂടുതല്‍ മഴ എത്തിയെന്നാണ് റിപ്പോര്‍ട്ട്.