ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി. മേഘ വിസ്‌ഫോടനവും അനിയന്ത്രിതമായ മഴയേയും തുടര്‍ന്ന് നൈനി നദി കരകവിഞ്ഞൊഴുകി. ഇതോടെ നൈനിറ്റാള്‍ ജില്ല പൂര്‍ണ്ണമായും ഒറ്റപ്പെട്ട സ്ഥിതിയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതവും, വീട് നഷ്ടപ്പെട്ടവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു.
ദുരന്തമേഖലയില്‍ കേന്ദ്ര- സംസ്ഥാന സേനകളും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രളയം മൂലം ബദരിനാഥ് ചാര്‍ധാം യാത്രയില്‍ പങ്കെടുക്കാനെത്തിയ തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താന്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കുകയാണ്.
ചൊവ്വാഴ്ചയുണ്ടായ മേഘവിസ്ഥോടനത്തിലും മലവെള്ള പാച്ചിലിലും വീടുകളും പാലങ്ങളും ഒലിച്ചുപോയി. റോഡുകള്‍ തകര്‍ന്നതോടെ വാഹനങ്ങള്‍ ഒറ്റപ്പെടുകയും നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്. ഗൗളാ നദിയുടെ ഒഴുക്ക് ശക്തമായതോടെ നൈനിറ്റാളിലേക്കുള്ള റെയില്‍ പാളങ്ങളും നദിക്കു കുറുകേ നിര്‍മിച്ചിരുന്ന പാലവും ഒലിച്ചുപോയി.
ദേശീയ പാതയുടെ ഭാഗമായ നൈനിറ്റാള്‍-ഹല്‍ദ്വാനി, നൈനിറ്റാള്‍- കാലാധുംഗി റോഡുകള്‍ സൈന്യം അടച്ചു. തൊട്ടടുത്ത പട്ടണങ്ങളായ ഭൊവാലി, മുക്തേശ്വര്‍, രാംഗഡ് എന്നിവടങ്ങളെ നൈനിറ്റാളുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ പൂര്‍ണ്ണമായും മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു. പ്രളയത്തില്‍ കാത്ഗോദാം റെയില്‍വ്വേ സ്റ്റേഷന്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു.
രക്ഷയ്ക്കായി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയ ആയിരക്കണക്കിനാളുകള്‍ കുടുങ്ങി കിടക്കുകയാണ്. 12 തീവണ്ടി ബോഗികളിലായി യാത്രപുറപ്പെടാനാകാതെ നിരവധി പേരാണ് കുടുങ്ങിയത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌ക്കര്‍ധാമിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തുകയും സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്.