ദത്ത് വിവാദത്തില്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെ പിന്തുണച്ച് സിപിഎം. ഷിജു ഖാന്‍ നിയമപരമായാണ് പ്രവര്‍ത്തിച്ചതെന്നും, ഒരു നടപടിയും ഉണ്ടാകില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ‘സംഭവത്തില്‍ ഷിജു ഖാന്‍ ചെയ്യേണ്ടത് ചെയ്തു. ഷിജു ഖാനെ വേട്ടയാടുകയാണ്.
ശിശുക്ഷേമ സമിതി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. കട്ട് കൊണ്ടുപോയി എന്ന് പറഞ്ഞ അനുപമ തന്നെ കുഞ്ഞിനെ കൈമാറിയെന്ന് പറഞ്ഞു. അമ്മത്തൊട്ടിലില്‍ കിട്ടിയ കുഞ്ഞായിരുന്നു. പത്രപ്പരസ്യം കൊടുത്തിരുന്നുവെങ്കിലും കുഞ്ഞിനെ ചോദിച്ച് ആരും വന്നില്ല. കുഞ്ഞിന്റെ അച്ഛനും വന്നില്ല’- അദ്ദേഹം പറഞ്ഞു.
അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ ഇന്നലെ തിരുവനന്തപുരം കുടുംബ കോടതി സ്‌റ്റേ ചെയ്തിരുന്നു. ശിശുക്ഷേമ സമിതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം കോടതി ഉന്നയിച്ചത്. ഇതിനുപിന്നാലെയാണ് പിന്തുണയുമായി പാര്‍ട്ടി രംഗത്തെത്തുന്നത്. ഇതിന് പിന്നാലെ ദത്ത് വിഷയം നിയമസഭയിലും ചര്‍ച്ചയായി.
അനുപമയുടെതെന്ന് കരുതുന്ന കുഞ്ഞിനെ ദത്ത് നല്‍കിയത് എല്ലാ നടപടി ക്രമങ്ങളും പാലിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. ശിശുക്ഷേമ സമിതിയില്‍ ലഭിക്കുന്ന കുഞ്ഞിനെ മുപ്പത് ദിവസം കഴിഞ്ഞ് ആരും അന്വേഷിച്ച് വന്നില്ലെങ്കില്‍ ദത്ത് നല്‍കാവുന്നതാണ്. ഇത് പ്രകാരമുള്ള നടജടി ക്രമങ്ങള്‍ പാലിച്ചെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.