നടന് പുനീത് രാജ്കുമാറിന്റെ മരണത്തിനു പിന്നാലെ ബംഗളൂരുവിലെ ഹൃദയാരോഗ്യ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്. ചെറുപ്പക്കാരും പ്രായമായവരും ഹൃദയ സംബന്ധമായ സംശയങ്ങളുമായി ഡോക്ടര്‍മാരെ സമീപിക്കുന്നതില്‍ മൂന്നിരട്ടി വരെ വര്‍ധനയെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്നാണ്, നാല്‍പ്പത്തിയാറുകാരനായ പുനീത് രാജ്കുമാര് മരിച്ചത്.
നെഞ്ചു വേദന, നെഞ്ചെരിച്ചില്‍, കൈ വേദന തുടങ്ങി ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് ഒട്ടേറെ പേര് പരിശോധനയ്ക്ക് എത്തുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. തിങ്കളാഴ്ച പൊതു അവധി ദിനം ആയിരുന്നിട്ടുകൂടി നഗരത്തിലെ ആശുപത്രികളില്‍ വന്‍ തിരക്കായിരുന്നു. ബംഗളൂരു ജയദേവ ആശുപത്രിയില്‍ ഇന്നലെ 1500 പേരാണ് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമായി ഒപിയില്‍ എത്തിയത്.
മൈസൂരുവില്‍ ആയിരം പേരും എത്തിയതായി ആശുപത്രി ഡയറക്ടര്‍ ഡോ. സിഎന്‍ മഞ്ജുനാഥ് പറഞ്ഞു. എമര്‍ജന്‍സിയില്‍ സാധാരണ 75 പേരാണ് എത്താറുള്ളത്. ഞായറാഴ്ച അത് 550 ആയിരുന്നു- മഞ്ജുനാഥ് പറഞ്ഞു. ചെക്അപ്പിന് എത്തുന്നവരില്‍ ചെറുപ്പക്കാര്‍ മാത്രമല്ല, പ്രായമായവരും ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. എമര്‍ജന്‍സിയിലും ഒപിയിലും മൂന്നിരട്ടി വര്‍ധന ഉണ്ടായിട്ടുണ്ടെന്ന്, ആസ്റ്റര്‍ സിഎംഐ കാര്‍ഡിയോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പ്രദീപ് കുമാര്‍ പറഞ്ഞു.
നെഞ്ചു വേദന എന്നു പറഞ്ഞാണ് കൂടുതല്‍ പേരും വരുന്നത്. ഇസിജി, ടിഎംടി ടെസ്റ്റ് റിസള്‍ട്ടുകളുമായി വരുന്നവരുമുണ്ട്- അദ്ദേഹം പറയുന്നു. വരുന്നവരില്‍ പലര്‍ക്കും കാര്‍ഡിയാക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആളുകളില്‍ ഒരു പരിഭ്രാന്തി ഉണ്ടായിട്ടുണ്ട്.
പുനീത് രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളും സോഷ്യല്‍ മീഡിയ സന്ദേശങ്ങളുമൊക്കെയാവും ഇതിനു കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ചിരഞ്ജീവി സര്‍ജയുടെയും സിദ്ധാര്‍ഥ് ശുക്ലയുടെയും മരണത്തിനു ശേഷവും സമാനമായ അവസ്ഥ ഉണ്ടായിരുന്നുവെന്ന് അപ്പോളോ ആശുപത്രിയിലെ ഡോ. അഭിജിത് കുല്‍ക്കര്‍ണി ചൂണ്ടിക്കാട്ടി.