പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമായി. ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ ബ്രഹ്മാണ്ഡ ചലച്ചിത്രം ‘മരക്കാര്‍’ ഒടിടി തന്നെ എന്ന് സ്ഥിരീകരിച്ചു. മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ഒടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിം ചേബംര്‍ പ്രസിഡന്‍റ് ജി സുരേഷ്‍ കുമാര്‍ വെളിപ്പെടുത്തി. നഷ്ടം ഉണ്ടായാല്‍ നികത്തണമെന്ന് നിര്‍മ്മാതാവ് ആവശ്യപ്പെട്ട ഉപാധി ഫിയോക് അംഗീകരിച്ചില്ലെന്ന് സുരേഷ്‍ കുമാര്‍ വ്യക്തമാക്കി.
മരക്കാറിന് തിയറ്റര്‍ ഉടമകള്‍ അഡ്വാന്‍സ് തുകയായി 40 കോടി രൂപ നല്‍കണമെന്നായിരുന്നു നിര്‍മ്മാതാവ് ആന്‍റണി പെരുമ്ബാവൂര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 40 കോടി എന്ന ആവശ്യം തള്ളിയതിന് പിന്നാലെ പരാമവധി 10 കോടിയെന്നായിരുന്നു ഫിയോക്കിന്‍റെ മറുപടി. ഒടുവില്‍ ചേംബര്‍ ഇടപെടലില്‍ നിര്‍മ്മാതാവ് മുന്‍കൂര്‍ തുക 25 കോടിയാക്കി. ഒടിടിയില്‍ ആമസോണ്‍ അടക്കമുള്ള പ്ളാറ്റ് ഫോമുകള്‍ മരയ്ക്കാറിന് വെച്ചിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്.
മോഹന്‍ലാലിനൊപ്പം ബോളിവുഡ് തമിഴ് താരങ്ങള്‍ കൂടി ഉള്ളതിനാല്‍ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്ബന്‍ റിലീസാണ് ഒടിടി പ്ലാറ്റ് ഫോമുകളുടെ ലക്ഷ്യം. പരമാവധി സ്ക്രീനുകള്‍ എന്ന നിര്‍മ്മാതാവിന്‍റെ ആവശ്യം ഫിയോക് അംഗീകരിച്ചിരുന്നു. റിലീസ് സമയം 500 കേന്ദ്രങ്ങളില്‍ മൂന്നാഴ്ച മരക്കാര്‍ മാത്രം പ്രദര്‍ശിപ്പിക്കാമെന്നായിരുന്നു ഉറപ്പ്.
മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട തര്‍ക്ക പരിഹാരത്തിന് മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം മാറ്റിവെച്ചിരുന്നു. സംഘടനാ പ്രതിനിധികളില്‍ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് ചര്‍ച്ച മാറ്റിയത്. പ്രശ്ന പരിഹാരത്തിന് സിനിമാ സംഘടനകള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പാകാഞ്ഞതോടെയായിരുന്നു സര്‍ക്കാര്‍ ഇടപെടാന്‍ തീരുമാനിച്ചത്.