അമ്മയെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ നിലയിലും ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിലും കാണപ്പെട്ട സംഭവത്തിലെ ദുരൂഹതകളഴിക്കാന്‍ പോലീസിന്റെ തീവ്രശ്രമം. ബന്ധുക്കളില്‍നിന്നും പ്രദേശവാസികളില്‍നിന്നും മൊഴി ശേഖരിച്ചു വരുന്ന പോലീസ് കുടുംബത്തിന്റെ സാമ്ബത്തിക ഇടപാടുകളും അന്വേഷിച്ചുവരുന്നു.
കൊട്ടാരക്കര നീലേശ്വരം പൂജപ്പുര വീട്ടില്‍ രാജേന്ദ്രന്, ഭാര്യ , മക്കൾ എന്നിവരാണ് ഇന്നലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഭാര്യയും മക്കളും വെട്ടേറ്റു മരിച്ച നിലയിലും രാജേന്ദ്രന് തൂങ്ങി മരിച്ച നിലയിലുമായിരുന്നു. കൊലപാതകങ്ങള്‍ക്കും ആത്മഹത്യക്കുമുള്ള കാരണങ്ങള്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അജ്ഞാതമാണ്.
കടബാധ്യത മൂലം രാജേന്ദ്രന് ഭാര്യയെയും മക്കളെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് കൂടുതല്‍ അന്വേഷണങ്ങളും ശാസ്ത്രീയ പരിശോധനകളും പോലീസ് നടത്തി വരുന്നത്. വീടു നിര്‍മാണത്തിനു സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പയില്‍ ആറു ലക്ഷത്തോളം രൂപ ഇനി അടക്കാനുണ്ട്.
പണമിടപാടുകാരില്നിന്നു കടം വാങ്ങിയാണ് ബാങ്ക് വായ്പയുടെ ഒരു ഭാഗം അടച്ചു തീര്‍ത്തത്. ഈ പണമിടപാടുകാര്‍ രാജേന്ദ്രനെ ബുദ്ധിമുട്ടിച്ചിട്ടുണ്ടാകാം. ഇത്തരം കാര്യങ്ങളൊന്നും രാജേന്ദ്രന് ആരുമായും പങ്കുവെച്ചിരുന്നില്ല. ഇതു മൂലം ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ ഈ വിഷയങ്ങള്‍ അറിയുകയുമില്ല.
പത്തു വര്‍ഷം മുന്‍പ് വിദേശത്തു നിന്നും മടങ്ങിയെത്തിയ ശേഷമാണ് വീടുനിര്‍മാണം തുടങ്ങിയത്. ഇതുവരെയും പൂര്‍ത്തീകരിച്ചിട്ടില്ല. മകന് ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ടു ലോണെടുത്തു ബാധ്യതകള്‍ തീര്‍ക്കാനുള്ള ശ്രമം നടന്നു വരവെയാണ് ദാരുണ സംഭവം അരങ്ങേറിയത്.
ആരോഗ്യവതിയായ ഭാര്യയെയും മുതിര്‍ന്നവരായ മക്കളെയും വെട്ടി കൊലപ്പെടുത്തിയിട്ടും അവരാരും പ്രതികരിച്ചിട്ടുള്ളതായോ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയതായോ കാണുന്നില്ല. നിലവിളി ശബ്ദം പോലും പുറത്തു വന്നിട്ടുമില്ല. ആഹാരത്തില്‍ മയക്കുമരുന്നോ മറ്റു രാസവസ്തുക്കളോ കലര്‍ത്തി നല്‍കിയതിനു ശേഷമായിരിക്കാം ആസൂത്രിത കൊലപാതകങ്ങള്‍ നടത്തിയതെന്നും സംശയമുയരുന്നുണ്ട്.
പോസ്റ്റുമോര്‍ട്ടത്തിനും ശാസ്ത്രീയ തെളിവു ശേഖരണത്തിനും ശേഷം മാത്രമേ ഇത് വ്യക്തമാവുകയുള്ളു. രാജേന്ദ്രന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഗള്‍ഫില്‍നിന്നു മടങ്ങിയെത്തിയ സമയത്തായിരുന്നു ഇത്. പ്രത്യേക ചികിത്സകളൊന്നും അന്നു നടത്തിയിരുന്നില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു.