ഓക്സിജന്‍ ഇല്ലാതെ മനുഷ്യ ജീവിതം അസാദ്ധ്യമാണെന്ന് ചെറിയ ക്ലാസുകള്‍ മുതല്‍ പഠിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ഓക്സിജന്റെ വില ശരിക്കും നമ്മുടെ തലമുറ കണ്ടറിയുകയും ചെയ്തു. എന്നാല്‍ ഭൂമിയില്‍ ഓക്സിജന്‍ തീര്‍ന്നാലും മനുഷ്യജീവന്‍ നിലനിര്‍ത്താനാവും എന്ന് പ്രതീക്ഷ നല്‍കിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍.
ചന്ദ്രന്റെ ഉപരിതലത്തിലുള്ള ഓക്സിജന്‍ ഉപയോഗിച്ച് കോടിക്കണക്കിനാളുകള്‍ക്ക് 100,000 വര്‍ഷമെങ്കിലും ജീവന്‍ നിലനിര്‍ത്താനാവും എന്ന പഠന ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചന്ദ്രോപരിതലത്തിലെ പാളിയില്‍ 45 ശതമാനം വരെ ഓക്സിജന്‍ അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഇത് ഉപരിതലത്തിലായതിനാല്‍ തന്നെ എളുപ്പം ഉപയോഗിക്കാനാവും.
ഒരു ക്യുബിക് മീറ്ററോളം വരുന്ന ഈ വസ്തുക്കളില്‍ ഉദ്ദേശം 630 കിലോ ഓക്സിജന്‍ അടങ്ങിയിട്ടുണ്ട്. ഒരു ദിവസം ജീവിക്കുന്നതിന് മനുഷ്യന് 800 ഗ്രാം ഓക്സിജന്‍ ആവശ്യമെന്നാണ് നാസയുടെ കണക്ക്. ഇങ്ങനെയെങ്കില്‍ 630 കിലോഗ്രാം ഓക്സിജന്‍ ഉപയോഗിച്ച് ഒരു വ്യക്തിക്ക് രണ്ട് വര്‍ഷത്തേക്ക് ജീവിക്കാന്‍ സഹായിക്കും.
ചന്ദ്രോപരിതലത്തില്‍ ഓക്സിജന്‍ അടങ്ങിയ പാളിയുടെ ആഴം പത്ത് മീറ്ററോളമാണ്. ഇത് കണക്കാക്കിയാല്‍ ഭൂമിയിലുള്ള ആളുകള്‍ക്ക് ഏകദേശം 100,000 വര്‍ഷത്തേക്ക് ശ്വസിക്കാനുള്ള ഓക്സിജന്‍ ചന്ദ്രന്‍ കരുതി വച്ചിട്ടുണ്ടെന്ന് മനസിലാക്കാം. ചന്ദ്രനില്‍ ഓക്സിജന്‍ വാതക രൂപത്തിലല്ല, ഉപരിതലത്തെ മൂടുന്ന പാറയുടെയും നേര്‍ത്ത പൊടിയുടെയും പാളിയിലാണുള്ളത്.
അതിനാല്‍ ഇത് എത്രത്തോളം ഫലപ്രദമായി വേര്‍തിരിച്ചെടുക്കാനും ഉപയോഗിക്കാനും കഴിയും എന്നതിനെ ആശ്രയിച്ചിരിക്കുന്നു മനുഷ്യന്റെ ആയുസിന്റെ ദൈര്‍ഘ്യം. ഭൂമിയില്‍ നിന്നും വ്യത്യസ്തമായി ചന്ദ്രന്റെ അന്തരീക്ഷം കനം കുറഞ്ഞതും ഹൈഡ്രജന്‍, നിയോണ്‍, ആര്‍ഗോണ്‍ എന്നിവയുടെ സാന്നിദ്ധ്യം കൂടുതലുള്ളതുമാണ്. അതിനാല്‍ തന്നെ മനുഷ്യനെപ്പോലുള്ള ഓക്സിജനെ ആശ്രയിക്കുന്ന ജീവികള്‍ക്ക് നിലനില്‍ക്കാന്‍ പ്രയാസമാണ്.