Breaking News

കൊല്ലം അഞ്ചാലുംമൂട് പോലീസ് സ്‌റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥയുടെ നെഞ്ചില്‍ ചവിട്ടി; കഞ്ചാവ് ലഹരിയില്‍ നാട്ടിലും സ്‌റ്റേഷനിലും അക്രമം അഴിച്ച്‌ വിട്ട് യുവാക്കള്‍; നിരവധി പേര്‍ക്ക് പരിക്ക്…

കഞ്ചാവ് ലഹരിയിലായിരുന്ന രണ്ട് യുവാക്കളുടെ ആക്രമണത്തില്‍ വനിത പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ ശക്തികുളങ്ങര കന്നിമേല്‍ചേരി സ്വദേശി സൂരജ് (23), സുഹൃത്ത് ശരത് (23) എന്നിവരെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച വാഹനം ഇടിച്ച്‌ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചോദ്യം ചെയ്തവരെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പോലീസ് ഉദ്യോഗസ്ഥയേയും ഇവര്‍ ആക്രമിച്ചു. പോലീസ് ഉദ്യോഗസ്ഥയെ ചവിട്ടി വീഴ്‌ത്തിയ ശേഷം സ്‌റ്റേഷനിലുണ്ടായിരുന്ന ഫര്‍ണീച്ചറുകളും അക്രമിസംഘം തകര്‍ത്തു.

ചൊവ്വാഴ്ച രാത്രി അഞ്ചാലുംമൂട് ജംഗ്ഷനിലായിരുന്നു ആദ്യത്തെ സംഭവം. സ്‌കൂട്ടറിലെത്തിയ ഇരുവരും കഞ്ചാവ് ലഹരിയിലായിരുന്നു. ഇവരുടെ സ്‌കൂട്ടര്‍ അഞ്ചാലുംമൂട്ടില്‍ പൂക്കട നടത്തുന്ന അജിയുടെ കാറില്‍ ഇടിച്ചു. ചോദ്യം ചെയ്ത അജിയെ യുവാക്കള്‍ സംഘംചേര്‍ന്നു മര്‍ദ്ദിച്ച്‌ അവശനാക്കി.

രക്ഷപെടാന്‍ ശ്രമിച്ച യുവാക്കളുടെ സ്‌കൂട്ടര്‍ മറ്റൊരു വാഹനത്തിലും ഇടിച്ചു. തൃക്കരുവ സ്വദേശി ഉല്ലാസിന്റെ കാലിലും യുവാക്കള്‍ സ്‌കൂട്ടര്‍ ഇടിപ്പിച്ചു. യുവാക്കളെ തടയാന്‍ ശ്രമിച്ച നാട്ടുകാരില്‍ പലര്‍ക്കും ഇവരുടെ അടിയേറ്റു. ഒടുവില്‍ പോലീസെത്തി ഏറെ ശ്രമപ്പെട്ടാണ് ഇവരെ പിടികൂടിയത്.

സ്റ്റേഷനിലെത്തിയതിന് പിന്നാലെ അക്രമകാരികളായ യുവാക്കളിലൊരാള്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയേയും ആക്രമിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ അജിമോളെ യൂണിഫോമില്‍ പിടിച്ചുവലിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്തു.

പോലീസുകാരോട് വധഭീഷണി മുഴക്കിയ സംഘം സ്‌റ്റേഷനിലെ സാധനങ്ങളും തല്ലിത്തകര്‍ത്തു. അയ്യായിരത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം. രണ്ട് പ്രതികളേയും ഇന്നലെ തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …