ഇരുപത്തിയൊന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യയിലേക്കെത്തുന്നത്. ഈ നേട്ടം സ്വന്തമാക്കിയ ഹർനാസ് സന്ധു എന്ന ഇരുപത്തിയൊന്നുകാരിയാണ് ഇന്നത്തെ താരം. ഇസ്രയേലിലെ ഏയ്‌ലറ്റില്‍ നടന്ന 70-ാം മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഹർനാസ് ശ്രദ്ധനേടിയപ്പോള്‍, തന്‍റേതായ വ്യക്തിത്വവും കാഴ്ചപ്പാടും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രശംസ നേടിയിരിക്കുകയാണ് മത്സരത്തില്‍ പങ്കെടുത്ത ബഹ്റൈൻ സുന്ദരി. ബിക്കിനിയും മറ്റും ധരിച്ച് മറ്റ് സുന്ദരിമാർ സ്വിംസ്യൂട്ട് റൗണ്ടിൽ എത്തിയപ്പോള്‍,
ഇരുപത്തിയഞ്ചുകാരിയായ മനാര്‍ നദീം ശരീരം മുഴുവൻ മറച്ചുകൊണ്ടുള്ള കറുത്ത വസ്ത്രമണിഞ്ഞാണ് വേദിയില്‍ എത്തിയത്. സാംസ്‌കാരികവും മതപരവുമായ വിശ്വാസങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള മനാര്‍ നദീമിന്‍റെ സന്ദേശം ഇരുകൈകളോടെയാണ് സദസ് വരവേറ്റത്. സോഷ്യല്‍ മീഡിയയിലും നദീമിന് ഏറെ പ്രശംസ ലഭിച്ചു. ഇതൊരു ചരിത്ര നിമിഷമാണെന്ന് പറഞ്ഞാണ് പലരും നദീമിന്‍റെ വീഡിയോ പങ്കുവയ്ക്കുന്നത്. ഫാഷൻ ഡിസൈൻ വിദ്യാർത്ഥിയായ നദീം ജനിച്ചതും വളർന്നതും ബഹ്‌റൈനിലാണ്.