ഉത്തര്‍പ്രദേശ് കാണ്‍പൂരിലെ ബിസിനസുകാരന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് 200 കോടിയിലധികം രൂപയും സ്വര്‍ണവും. 195 കോടി രൂപയും 23 കിലോ സ്വര്‍ണവും ആറുകോടിയുടെ ചന്ദനത്തൈലവും ഇതില്‍ ഉള്‍പ്പെടും. പെര്‍ഫ്യൂം വ്യവസായിയായ പീയുഷ് ജെയിനിന്‍റെ കാണ്‍പൂരിലെയും ഉജ്ജയിനിലെയും വസതിയിലും സ്ഥാപനങ്ങളിലുമായിരുന്നു ജി.എസ്.ടി, ആദായനികുതി വകുപ്പുകളുടെ പരിശോധന.
പീയുഷ് ജെയിനിന്‍റെ താമസസ്ഥലത്തുനിന്ന് 177.45 കോടിയുടെ കള്ളപ്പണമാണ് പിടിച്ചെടുത്തത്. കനൗജിലെ ഫാക്ടറിയില്‍നിന്ന് 17 കോടി രൂപയും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരുടെയും നോട്ടെണ്ണല്‍ മെഷീനിന്‍റെയും സഹായത്തോടെയാണ് പണം എണ്ണിത്തീര്‍ത്തത്. 23 കിലോയുടെ സ്വര്‍ണക്കട്ടകള്‍ പിടിച്ചെടുത്തു. കൂടാതെ പെര്‍ഫ്യൂം നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും 600 കിലോയുടെ ചന്ദനത്തൈലവും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.
പിടിച്ചെടുത്ത ചന്ദനത്തൈലത്തിന് വിപണിയില്‍ ആറുകോടി രൂപ വിലവരും. പിടിച്ചെടുത്ത സ്വര്‍ണ ബിസ്കറ്റില്‍ വിദേശത്തുനിന്നുള്ള മുദ്രകളുള്ളതിനാല്‍ ജി.എസ്.ടി ഇന്‍റലിജന്‍സ് റവന്യൂ ഇന്‍റലിജന്‍സ് ഡയറക്ടറേറ്റിന്റെ സഹായം തേടി. കള്ളപ്പണം പിടിച്ചെടുത്തതിന് പിന്നാലെ പീയുഷ് ജെയിനിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇപ്പോള്‍ ജെയിന്‍.