Breaking News

14 കാരി കൊല്ലപ്പെട്ട കേസ്; തൂക്കിക്കൊല്ലുമെന്ന് വരെ പറഞ്ഞു; കുറ്റമേറ്റത് സഹോദരന്റെ മകനെ പിടിച്ചുകൊണ്ടുപോകുമെന്ന് പറഞ്ഞപ്പോള്‍; നേരിട്ടത് ക്രൂരപീഡനമെന്ന് 14 കാരിയുടെ രക്ഷിതാക്കള്‍…

കോവളത്ത് 14 കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ ക്രൂരപീഡനത്തിന് ഇരയായെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വീട് സന്ദര്‍ശിച്ചപ്പോഴാണ് 14 കാരിയുടെ വളര്‍ത്തമ്മയും വളര്‍ത്തച്ഛനും നേരിട്ട പീഡനങ്ങള്‍ പ്രതിപക്ഷ നേതാവിനോട് വിവരിച്ചത്.

പൊലീസ് കസ്റ്റഡിയിലെടുത്ത് കുറ്റം ഏല്‍ക്കണമെന്ന് ആവശ്യപ്പെട്ട് വലിയ തോതില്‍ പീഡിപ്പിച്ചു. തൂക്കിക്കൊല്ലുമെന്ന് വരെ പൊലീസുകാര്‍ പറഞ്ഞു.

അവസാനം സഹോദരന്റെ മകനെ പ്രതിയാക്കി കൊണ്ടുപോകുമെന്ന് പറഞ്ഞപ്പോഴാണ് താന്‍ കുറ്റം ഏല്‍ക്കാമെന്ന് പറഞ്ഞതെന്ന് 14 കാരിയുടെ വളര്‍ത്തമ്മ പറഞ്ഞു. ഒരു പ്രതിയെയാണ് സാറിന് വേണ്ടതെങ്കില്‍ ഞാനേറ്റോളാം. നിങ്ങള്‍ എന്നെ എന്തു ചെയ്താലും വേണ്ടില്ല, സഹോദരന്റെ മകനെ വിട്ടു തരില്ല, അവര്‍ അങ്ങനെ ചെയ്യില്ലെന്ന് പൊലീസിനോട് പറഞ്ഞു.

സഹോദരന്റെ മകനെയും പൊലീസുകാര്‍ ഉപദ്രവിച്ചു. കാലില്‍ ചവിട്ടി, ശരീരത്തില്‍ മര്‍ദ്ദിച്ചു. ഞാന്‍ തൊഴിലുറപ്പ് ജോലിക്ക് പോകുമ്ബോള്‍ മകളെ പ്രതികളുടെ വീട്ടിലാണ് ആക്കിയിരുന്നത്. അവരുമായി നല്ല അടുപ്പത്തിലായിരുന്നു. ഇങ്ങനെ ചെയ്തിട്ട് ഞങ്ങളെ കുറ്റപ്പെടുത്തി, അവരെ ചോദ്യം ചെയ്തില്ല.

അവര് പറഞ്ഞത് പൊലീസുകാർ കേട്ടു. വേറെ ആരോടും ചോദിച്ചില്ലെന്നും അമ്മ പറഞ്ഞു. എടുത്തു വളര്‍ത്തിയ കുട്ടിയല്ലേ, ഞങ്ങള്‍ ചെയ്തതാണെന്നാണ് പൊലീസുകാര്‍ വിശ്വസിച്ചത്.

കാല്‍ ഒടിഞ്ഞു കിടന്നപ്പോഴും അടുത്ത വീട്ടില്‍ പോയി ചാണകം വാരിയാണ് കുട്ടിക്ക് പാല്‍ വാങ്ങിക്കൊടുത്തത്. കുട്ടിയെ കമ്ബുകൊണ്ട് അടിച്ചതായി പറയണമെന്ന് പൊലീസ് പറഞ്ഞു. എന്നിട്ട് കമ്ബ് അടുക്കളയില്‍ നിന്നും പൊലീസ് എടുത്തുകൊണ്ടുപോയി. ഒരാളെ കൊന്നശേഷം ആ കമ്ബ് അടുക്കളയില്‍ ഇട്ടേക്കുമോയെന്ന് അമ്മ ചോദിച്ചു. ചായ ഇടണ സോഫ്പാന്‍ വേണമെന്ന് പൊലീസുകാര്‍ പറഞ്ഞു.

അതും എടുത്തുകൊണ്ടുപോയി. അതുകൊണ്ട് തലയ്ക്കടിച്ചു എന്നു വരുത്തിതീര്‍ക്കാനായിരുന്നു അത്. ഞങ്ങള്‍ക്ക് നീതി ലഭിക്കാനായി ആരും വന്നില്ല. പാവപ്പെട്ട ഞങ്ങള്‍ക്ക് എന്തര് ഇറങ്ങാന്‍?. ഇപ്പോ സമുദായക്കാര് അടക്കം എല്ലാവരും വരുന്നുണ്ട്. ഞങ്ങളെ പിന്നില്‍ നില്‍ക്കാമെന്ന് പറയുന്നു.

ഇനി എന്തോന്ന് പിന്നില്?. ഞങ്ങള്‍ക്ക് കുഞ്ഞിനെ കിട്ടുമോയെന്ന് അമ്മ ചോദിച്ചു. അര്‍ബുദബാധിതയായ താന്‍ ആര്‍സിസിയില്‍ നിന്നും ചികിത്സ കഴിഞ്ഞ് വന്നിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളൂവെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കോവളത്ത് 14 കാരിയുടെ ദുരൂഹമരണം സംഭവിക്കുന്നത്. വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിയെ നാട്ടുകാരുടെ സഹായത്തോടെ വീട്ടുകാര്‍ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചു. ഏതാനും ദിവസം

മുമ്ബ് അയല്‍വാസിയായ സ്ത്രീയെ കൊലപ്പെടുത്തി തട്ടിന്‍പുറത്ത് ഒളിപ്പിച്ച കേസില്‍ റഫീഖ ബീവി(48), മകന്‍ ഷഫീഖ് (25) എന്നിവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മുമ്ബ് 14 കാരിയെയും കൊലപ്പെടുത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

മകന്‍ പീഡിപ്പിച്ച വിവരം പുറത്തു പറയാതിരിക്കാനാണ് 14കാരിയെ കൊലപ്പെടുത്തിയതെന്നാണ് റഫീഖ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം പതിനാലുകാരിയെ തലയ്‌ക്കടിച്ചു കൊന്ന അതേ ചുറ്റിക കൊണ്ടാണ് കഴിഞ്ഞ ദിവസം അയല്‍വാസിയായ ശാന്തകുമാരിയെയും പ്രതികള്‍ കൊന്നത്.

14കാരിയുടെ വീടിനോട് ചേര്‍ന്നുള്ള വാടകവീട്ടിലാണ് റഫീഖയും മകനും താമസ്സിച്ചിരുന്നത്.  സംഭവവുമായി ബന്ധപ്പെട്ട് 30ല്‍ അധികം പേരെ അന്ന് ചോദ്യം ചെയ്തിട്ടും കേസില്‍ തുമ്ബൊന്നും തന്നെ ലഭിച്ചിരുന്നില്ല. ഇതിനിടെ റഫീഖയും കുടുംബവും വീട് മാറുകയും ചെയ്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …