വിവാഹത്തലേന്ന് നടന്ന സല്‍ക്കാരച്ചടങ്ങില്‍ സംഘടിപ്പിച്ച ഡി.ജെ പാര്‍ട്ടിയില്‍ നൃത്തം ചെയ്തതിന് കരണത്തടിച്ച പ്രതിശ്രുത വരനെ ഉപേക്ഷിച്ച് അടുത്ത ദിവസം യുവതി ബന്ധുവായ യുവാവിനെ വിവാഹം കഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും പൊലീസില്‍ പരാതി നല്‍കി. കടലൂര്‍ ജില്ലയിലെ പന്‍രുട്ടിയിലാണ് കേസിനാസ്പദ സംഭവം നടന്നത്.
ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലെ എന്‍ജിനീയറായ പെരിയക്കാട്ടുപാളയം സ്വദേശിയായ യുവാവും പന്‍രുട്ടി സ്വദേശിനിയായ യുവതിയും തമ്മിലെ വിവാഹമാണ് അപ്രതീക്ഷിത സംഭവത്തോടെ അലസിപ്പിരിഞ്ഞത്. പന്‍രുട്ടിയില്‍ വിവാഹ സല്‍ക്കാരവും അടുത്ത ദിവസം രാവിലെ കടമ്ബുലിയൂരില്‍ താലികെട്ടും നടത്താനാണ് ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നത്.
വിവാഹ സല്‍ക്കാരച്ചടങ്ങിനോടനുബന്ധിച്ച് നടന്ന ഡി.ജെ പാര്‍ട്ടിയില്‍ ബന്ധുവായ യുവാവ് വധുവിന്റെ തോളില്‍ കൈയിട്ട് നൃത്തം ചെയ്തതാണ് പ്രതിശ്രുത വരനെ കുപിതനാക്കിയത്. പ്രകോപിതനായ വരന്‍ പരസ്യമായി വധുവിന്റെ കരണത്തടിക്കുകയായിരുന്നു. ഇതോടെ വധു- വരന്‍മാരുടെ വീട്ടുകാര്‍ തമ്മില്‍ വാക്തര്‍ക്കവും ബഹളവും അരങ്ങേറി.
തുടര്‍ന്ന് അടുത്തദിവസം രാവിലെ വധുവിന്റെ വീട്ടുകാര്‍ അകന്ന ബന്ധുവായ യുവാവിനെക്കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. വിവാഹത്തിന് ഏഴ് ലക്ഷം രൂപ ചെലവഴിച്ചതായും നഷ്ടപരിഹാരം ആവശ്യപ്പെട്ട് വരന്റെ കുടുംബാംഗങ്ങള്‍ പന്‍രുട്ടി പൊലീസില്‍ പരാതി നല്‍കി. വധുവിന്റെ കരണത്തടിച്ച യുവാവിനെതിരെയും പൊലീസില്‍ പരാതിയുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY