Breaking News

മിനിലോറി കടയിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വന്‍ ദുരന്തം

കൊല്ലം -തേനി ദേശീയ പാതയില്‍ താമരക്കുളം ചാവടി ജങ്ഷനില്‍ കാര്‍ബണ്‍ ഡയോക്സൈഡ് നിറച്ച സിലിണ്ടറുകളുമായി പോയ മിനിലോറി നിയന്ത്രണം തെറ്റി പലചരക്ക് കടയില്‍ ഇടിച്ചു കയറി. ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനത്തിന്റെ പിന്‍ചക്രം തെറിച്ചു വീണത് 100 മീറ്ററോളം അകലെയുള്ള പുരയിടത്തില്‍. പലചരക്കുവ്യാപാര സ്ഥാപനത്തിന്റെ ഏറിയ ഭാഗവും തകര്‍ന്നു.

കടയ്ക്കുള്ളിലുണ്ടായിരുന്ന സാധന സാമഗ്രികളും നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. താമരക്കുളം ചാവടി ജങ്ഷനില്‍ എത്തിയ മിനിലോറിയുടെ ആക്സില്‍ ഒടിഞ്ഞ് പിന്‍വശത്ത ഒരു ചക്രം തെറിച്ചു പോകുകയും തുടര്‍ന്ന് നിയന്ത്രണംതെറ്റി കടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഡ്രൈവര്‍ ശാസ്താംകോട്ട സ്വദേശി അഖില്‍, സഹായി ശബരി എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

താമരക്കുളം സ്വദേശി നന്ദനന്‍ പിള്ളയുടെ ഉടമസ്ഥതയിലുള്ള ദേവീ സ്റ്റോഴ്സിലേക്കാണ് മിനിലോറി ഇടിച്ചു കയറിയത്. ഈ സമയം നന്ദനന്‍പിള്ള ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോയിരുന്നു. കട അടഞ്ഞുകിടന്നിരുന്നതിനാല്‍ ആളപായം ഒഴിവായി. നൂറനാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …