Breaking News

PL 2022: ‘ശ്രീശാന്തിനോട് നന്ദി കാട്ടാമായിരുന്നു’, ടീമിലെടുത്തില്ല, സഞ്ജുവിനെ വിമര്‍ശിച്ച്‌ ഫാന്‍സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ മെഗാ താരലേലം അവസാനിച്ചിരിക്കുകയാണ്. രണ്ട് ദിവസം നീണ്ടുനിന്ന വാശിയേറിയ മെഗാ ലേലത്തില്‍ 600 താരങ്ങള്‍ പങ്കെടുത്തെങ്കിലും 204 താരങ്ങള്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്. നിരവധി സൂപ്പര്‍ താരങ്ങള്‍ കോടികള്‍ വാരിയപ്പോള്‍ ആരാധകരെ വളരെയധികം നിരാശപ്പെടുത്തി ചില താരങ്ങള്‍ അണ്‍സോള്‍ഡാവുകയും ചെയ്തു. ഇതിലൊരാളാണ് കേരള പേസര്‍ എസ് ശ്രീശാന്ത്. മുന്‍ ഇന്ത്യന്‍ പേസര്‍ ഇത്തവണ മെഗാ ലേലത്തിന്റെ അന്തിമ പട്ടികയിലേക്ക് എത്തിയിരുന്നു.

50 ലക്ഷം അടിസ്ഥാന വിലയും ലഭിച്ചതോടെ ആരാധകരും താരവും വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ശ്രീശാന്തിനെ വാങ്ങാന്‍ ആരും തയ്യാറായില്ല. 39കാരനായ താരത്തിന്റെ പേരുപോലും ലേലത്തില്‍ വിളിച്ചില്ലെന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം. ഒരു ടീമും ശ്രീശാന്തിനായി താല്‍പര്യം കാട്ടിയില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ ശ്രീശാന്ത് അണ്‍സോള്‍ഡായതിന് പിന്നാലെ സഞ്ജു സാംസണെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം ആരാധകര്‍.

രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയില്‍ സഞ്ജു സാംസണിന് ശ്രീശാന്തിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കാമായിരുന്നുവെന്നും എന്നാല്‍ സഞ്ജു അത് ചെയ്തില്ലെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നത്. സഞ്ജു സാംസണെ ഐപിഎല്ലിലേക്ക് കൊണ്ടുവന്നത് ശ്രീശാന്താണെന്ന് നേരത്തെ സഞ്ജു തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ സഞ്ജുവിന് ഒരു ആവിശ്യം വന്നപ്പോള്‍ സഞ്ജു കൈവിട്ടെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.

39കാരനായ ശ്രീശാന്ത് അവസാന വര്‍ഷമാണ് ഇടവേളക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. കേരളത്തിനൊപ്പം ആഭ്യന്തര ക്രിക്കറ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തു. ഉയര്‍ന്ന ഫിറ്റ്‌നസും താരത്തിനുണ്ടെന്നതിനാല്‍ വലിയ പ്രതീക്ഷവെച്ചിരുന്നെങ്കിലും ആരും പരിഗണിച്ചില്ല. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കവെയാണ് ശ്രീശാന്തിനെ ഒത്തുകളി കേസില്‍ പിടിക്കപ്പെടുന്നത്.

അതുകൊണ്ട് തന്നെ രാജസ്ഥാന്‍ റോയല്‍സ് ഒരു കാരണവശാലും ശ്രീശാന്തിനെ തിരികെ എത്തിക്കാന്‍ തയ്യാറാവില്ലെന്നുറപ്പായിരുന്നു. ഒത്തുകളി കേസില്‍ ജയില്‍വാസം നേരിടേണ്ടി വന്ന ശ്രീശാന്ത് പിന്നീട് നീണ്ട വര്‍ഷങ്ങളുടെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കുറ്റ വിമുക്തനായത്. ആജീവനാന്ത വിലക്ക് ബിസിസി ഐയും ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വലിയ നിയമ യുദ്ധത്തിനൊടുവിലാണ് ബിസിസി ഐ വിലക്ക് മാറ്റിയത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …