ന്യൂഡല്‍ഹിക്ക് പുറമേ പഞ്ചാബിലും അധികാരം പിടിച്ചതോടെ പ്രാദേശിക പാര്‍ട്ടി എന്ന വിശേഷണം മാറ്റിയെഴുതുകയാണ് ആം ആദ്മി പാര്‍ട്ടി. പഞ്ചാബിന് ശേഷം ആം ആദ്മി അടുത്തതായി ലക്ഷ്യം വയ്ക്കുന്നത് ഗുജറാത്താണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മോദി എഫക്‌ട് ഏറ്റവും കൂടുതല്‍ അലയടിക്കുന്ന ഗുജറാത്തില്‍ ബിജെപിയെ അധികാരത്തിലേറ്റാന്‍ മറ്റൊരു ഘടകത്തിന്റെ ആവശ്യമേയില്ല. നാല് സംസ്ഥാനങ്ങളിലെ വിജയത്തിന് ശേഷം നാട്ടിലെത്തിയ മോദിക്ക് ജനം നല്‍കിയ സ്വീകരണം ഇതിന് തെളിവാണ്.
ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പഞ്ചാബിന് ശേഷം ആം ആദ്മി ലക്ഷ്യം വയ്ക്കുന്നത് അയല്‍ സംസ്ഥാനമായ ഹരിയാനയെയാണ് എന്നാണ്. ബി ജെ പി ഭരിക്കുന്ന ഹരിയാനയില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുമുള്ള മുന്‍ എം എല്‍ എമാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ശക്തമാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. പഞ്ചാബിലെ ആം ആദ്മിയുടെ വന്‍ വിജയം ഹരിയാനയിലും പാര്‍ട്ടിക്ക് പുത്തന്‍ ഊര്‍ജ്ജമാണ് പകര്‍ന്ന് നല്‍കുന്നത്.
ഹരിയാനയിലെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 15 മുന്‍ എംഎല്‍എമാരും സാമൂഹിക പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം ആം ആദ്മിയില്‍ ചേര്‍ന്നിരുന്നു. മുന്‍ ബിജെപി എംഎല്‍എ ഉമേഷ് അഗര്‍വാള്‍, മുന്‍ ബിജെപി മന്ത്രി ബല്‍ബീര്‍ സിംഗ് സൈനി, മുന്‍ കോണ്‍ഗ്രസ് മന്ത്രി ബിജേന്ദ്ര സിംഗ് ബില്ലു, മുന്‍ എംഎല്‍എ രവീന്ദര്‍ മച്റൗലി, മുന്‍ ബിഎസ്പി നേതാവ് ജാവേദ് അഹമ്മദ്, മുന്‍ കോണ്‍ഗ്രസ് നേതാവ് ജഗത് സിംഗ് എന്നിവരാണ് ആംആദ്മിയില്‍ അംഗത്വമെടുത്തത്.
2024ല്‍ ഹരിയാനയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ആം ആദ്മി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ഷം അവസാനം നടക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും ആം ആദ്മി മത്സരിക്കുന്നുണ്ട്.