Breaking News

സില്‍വര്‍ ലൈന്‍ കല്ലിടല്‍: ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍; സത്രീകളെ അടക്കം പൊലീസ് വലിച്ചിഴച്ചതില്‍ പ്രതിഷേധം

കെ റെയിലിന് എതിരായ സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കെ റെയില്‍ വിരുദ്ധ സംയുക്തസമരസമിതി ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്നതാണ് സംയുക്തസമരസമിതി.

വാഹനങ്ങളെ തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. കടകമ്ബോളങ്ങള്‍ അടഞ്ഞു കിടക്കും. 10 മണിക്ക് ചങ്ങനാശ്ശേരി നഗരത്തില്‍ സംയുക്തസമരസമിതി പ്രകടനം നടത്തും. പ്രാദേശികതലത്തിലും പ്രകടനങ്ങള്‍ നടത്തുമെന്ന് സമരസമിതി അറിയിച്ചു. 12 മണിക്ക് മാടപ്പള്ളിയില്‍ പ്രതിഷേധയോഗവും നടക്കും. മാടപ്പള്ളിയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.

കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയില്‍ കെ റെയില്‍ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധമാണ് പൊലീസുകാരുമായുള്ള സംഘര്‍ഷത്തിലേക്ക് വഴിവച്ചത്. നാട്ടുകാര്‍ക്ക് നേരെ പൊലീസിന്റെ ബലപ്രയോ​ഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച്‌ നീക്കി. സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകള്‍ ഉള്‍പ്പടെ 23 പേരാണ് അറസ്റ്റിലായത്.

പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.ജോസഫ് എം പുതുശ്ശേരി, മിനി കെ ഫിലിപ്പ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മനുഷ്യശൃംഖല തീര്‍ത്തായിരുന്നു രാവിലെ മുതല്‍ ഇവിടെ പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു. നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കല്ലിടല്‍ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്. വലിയ പ്രതിഷേധമാണ് മുണ്ടുകുഴിയില്‍ നാട്ടുകാരുടെ ഭാ​ഗത്തു നിന്നുണ്ടായത്.

കല്ലുമായെത്തിയ വാഹനം തുടര്‍ന്ന് തിരികെപ്പോകേണ്ടതായി വന്നു. മനുഷ്യശൃംഖല തീര്‍ത്ത് നാട്ടുകാര്‍ ഉദ്യോ​ഗസ്ഥര്‍ക്കെതിരെ പ്രതിഷേധിക്കുകയും ആക്രോശിക്കുകയുമാണുണ്ടായത്. കൂട്ട ആത്മഹത്യ നടത്തുമെന്ന് സമരക്കാര്‍ പറഞ്ഞു. മണ്ണെണ്ണ ഉയര്‍ത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി.

മണ്ണെണ്ണ കയ്യിലെടുത്ത് വളരെ വൈകാരികമായി സ്ത്രീകള്‍ പ്രതിഷേധിച്ചു. മണ്ണെണ്ണ മാറ്റിവെക്കാനും കുട്ടികളെ സമരസ്ഥലത്തു നിന്ന് മാറ്റാനും പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് സമരക്കാര്‍ തയ്യാറായില്ല. ഇതോടെയാണ് വനിതാ പൊലീസ് അങ്ങനെയുള്ളവരെ ബലം പ്രയോ​ഗിച്ച്‌ നീക്കിയത്. ഒടുവില്‍ നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ ഉദ്യോ​ഗസ്ഥര്‍ പൊലീസ് സുരക്ഷയില്‍ കെ റെയില്‍ സര്‍വ്വേക്കല്ലിട്ടു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …