മയക്കുമരുന്ന് കഴിച്ച് വിമാനത്തിനുള്ളില്‍ അതിക്രമം കാണിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. വിമാനത്തിലെ ജീവനക്കാരേയും മറ്റ് യാത്രക്കാരേയും ഇയാള്‍ ആക്രമിക്കാനും ശ്രമിച്ചിരുന്നു. അമേരിക്കയിലെ വാഷിംഗ്ടണില്‍ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തിനുള്ളിലാണ് സംഭവം. ചെറൂയ് സെവില്ല എന്നയാളാണ് ലഹരി ഉപയോഗിച്ച് അക്രമാസക്തനായത്. മാജിക് മഷ്‌റൂം എന്നറിയപ്പെടുന്ന സൈലോസിബിനാണ് ഇയാള്‍ ഉപയോഗിച്ചതെന്നാണ് വിവരം.
വിമാനം യാത്ര തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് സെവില്ല അക്രമകാരിയായത്. ആദ്യം വിമാനത്തിനുള്ളിലെ ശുചിമുറി ഇയാള്‍ ചവിട്ടി തകര്‍ത്തു. ഇതിന് ശേഷം വിമാനത്തിനുളളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടാന്‍ തുടങ്ങി. വിമാനത്തിലെ ജീവനക്കാര്‍ ഇയാളെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മറ്റ് യാത്രക്കാരുടെ അടുത്ത് പോയി അവരെ ബുദ്ധിമുട്ടിച്ചതായും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടെ വിമാനത്തിലെ ഒരു ജീവനക്കാരിയുടെ നെഞ്ചില്‍ ഇയാള്‍ കയറിപ്പിടിക്കുകയും ചെയ്തു. ഇതോടെ മറ്റ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇയാളെ സീറ്റില്‍ ബന്ധിക്കുകയായിരുന്നു. വിമാനത്തില്‍ കിടന്ന് സെവില്ല അശ്ലീല സംഭാഷണങ്ങള്‍ നടത്തിയെന്നും, ഉച്ചത്തില്‍ കിടന്ന് അലറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കോടതിയില്‍ ഹാജരായപ്പോള്‍ ഇയാള്‍ താന്‍ ചെയ്ത കുറ്റം ഏറ്റു പറഞ്ഞിട്ടുണ്ട്. വിമാനത്തില്‍ കയറുന്നതിന് മുന്‍പായി സൈലോസിബിന്‍ കഴിച്ചിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. കുറ്റം ഏല്‍ക്കുന്നുവെന്നും, ചെയ്ത തെറ്റിന് ക്ഷമ പറയുന്നുവെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. നിലവില്‍ ഇയാളെ സ്വന്തം ജാമ്യത്തില്‍ കോടതി വിട്ടയച്ചു.