സുരക്ഷാദൗത്യത്തില്‍ പങ്കാളിയാവുന്ന തുര്‍ക്കിയ സൈന്യം ഖത്തറിലെത്തി. ബുധനാഴ്ച രാത്രിയോടെയാണ് തുര്‍ക്കി സായുധസേന വിഭാഗങ്ങള്‍ ദോഹയിലെത്തിയത്. ഖത്തറിലെ തുര്‍ക്കിയ അംബാസഡര്‍ മുസ്തഫ ഗോക്സുവിന്റെ നേതൃത്വത്തിലുള്ള സംഘം സൈനികരെ സ്വാഗതം ചെയ്തു.
ഓപറേഷന്‍ വേള്‍ഡ്കപ്പ് ഷീല്‍ഡ് എന്ന പേരിലുള്ള സൈനിക സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് തുര്‍ക്കിയ സേനയുടെ ഖത്തറിലേക്കുള്ള വരവ്. സമുദ്രാന്തര പ്രതിരോധ കമാന്‍ഡോ, ആക്രമണ കമാന്‍ഡോസ് ഉള്‍പ്പെടെ പരിശീലനം സിദ്ധിച്ച സായുധ സംഘമാണ് ലോകകപ്പിന് വിവിധ മേഖലകളിലെ ഖത്തറിനൊപ്പം ചേരുന്നത്.
സായുധ സേനക്കുപുറമെ 3000ത്തോളം പൊലീസ്, യുദ്ധക്കപ്പല്‍ എന്നിവയും തുര്‍ക്കിയയില്‍നിന്നും ലോകകപ്പിന്റെ ഭാഗമാവുന്നുണ്ട്. റയട്ട് പൊലീസ്, ബോംബ് നിര്‍വീര്യമാക്കല്‍ യൂനിറ്റ്, സ്‍പെഷല്‍ ഓപറേഷന്‍ ടീം എന്നിവരടങ്ങിയ വന്‍ പൊലീസ് സംഘം നേരത്തെ ഖത്തറിലെത്തിയിരുന്നു.വിവിധതരം സുരക്ഷാഭീഷണികള്‍ തടയുന്നതിന്റെ ഭാഗമായാണ് വിവിധ രാജ്യങ്ങളുടെ സേനാ വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെ ‘ഓപറേഷന്‍ വേള്‍ഡ് കപ്പ് ഷീല്‍ഡ്’ സജ്ജമാക്കുന്നത്.