ഗുജറാത്തില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കില്ല എന്ന് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി. സൂറത്തില്‍ നടന്ന ഒരു പരിപാടിക്കിടെ ആയിരുന്നു ഹര്‍ഷ് സംഘവിയുടെ പ്രഖ്യാപനം. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ഒരാഴ്ചത്തേക്ക് പിഴ ഈടാക്കില്ല എന്നാണ് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചത്.
ദീപാവലി ആഘോഷമായതിനാല്‍ ഒക്ടോബര്‍ 21 മുതല്‍ 27 വരെ ട്രാഫിക് പൊലീസ് നിയമ ലംഘനത്തിന് പിഴ ഈടാക്കില്ല എന്നാണ് ആഭ്യന്തര മന്ത്രി സൂറത്തില്‍ നടന്ന പരിപാടിയില്‍ പറഞ്ഞത് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഈ ഇളവിന് അര്‍ത്ഥം പൊതുജനങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കരുത് എന്നല്ല എന്നും പക്ഷേ നിങ്ങള്‍ തെറ്റ് ചെയ്താല്‍ അതിന് പിഴ ഈടാക്കില്ല എന്ന് മാത്രമാമ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഹര്‍ഷ് സംഘവിയുടെ പ്രഖ്യാപനം പ്രതിപക്ഷത്തിന്റേയും സോഷ്യല്‍ മീഡിയയുടേയും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളെ ആകര്‍ഷിക്കാനുള്ള ഗിമ്മിക്ക് മാത്രമാണ് ഇത് എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം. തെരഞ്ഞെടുപ്പ് ആയാല്‍ ഇതുപോലെ ഉള്ള നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്നായിരുന്നു ഗുജറാത്തിലെ കോണ്‍ഗ്രസ് എം എല്‍ എ ജിഗ്‌നേഷ് മേവാനി ട്വീറ്റ് ചെയ്തത്.