ഭാരതമുള്‍പ്പെടെ ലോകരാജ്യങ്ങളെ അടക്കിവാണിരുന്ന ബ്രിട്ടന്റെ ഭരണം ഇനി ഇന്ത്യന്‍ വംശജനായ ഋഷി സുനക്കിന്റെ കരങ്ങളില്‍. രാജ്യം നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന പ്രഖ്യാപനത്തോടെ 42കാരനായ സുനക് ബ്രിട്ടന്റെ 57-ാം പ്രധാനമന്ത്രിയായി ചുമതലയേറ്റു.
200 വര്‍ഷത്തിനിടെ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. ഹിന്ദു വിശ്വാസം പിന്തുടരുന്ന, വെള്ളക്കാരന്‍ അല്ലാത്ത ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയും. ദീപാവലി ദിവസമാണ് ഋഷിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട്. എതിരില്ലാതെയാണ് തിരഞ്ഞെടുപ്പ്.
ബക്കിംഗ്‌ഹാം കൊട്ടാരത്തിലെത്തിയ ഋഷിയെ ചാള്‍സ് മൂന്നാമനാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചത്. പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള നടപടികളും ഋഷി ആരംഭിച്ചു. ഒരു വര്‍ഷത്തിനിടെ ബ്രിട്ടന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയാണ് സുനക്.
രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധിക്ക് പിന്നാലെ 45 ദിവസത്തെ ഭരണം അവസാനിപ്പിച്ച് ലിസ് ട്രസ് ഒഴിഞ്ഞതോടെയാണ് സുനകിന് അവസരമൊരുങ്ങിയത്. പ്രചാരണത്തില്‍ മുന്നിട്ടു നിന്നിരുന്ന സുനകിനെ അവസാന റൗണ്ടില്‍ പിന്തള്ളിയാണ് ലിസ് അന്ന് അധികാരത്തിലെത്തിയത്.