ന്യൂഡല്‍ഹി: ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. നിയമനം സുപ്രീം കോടതി ശരിവച്ചു. രാഷ്ട്രീയ ചായ്‌വ് ഉള്ളവരെ ഇതിന് മുൻപും ജഡ്ജി ആക്കിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സത്യപ്രതിജ്ഞയും നിയമനത്തിനെതിരായ ഹർജിയുടെ വാദവും ഒരേ സമയമാണ് നടന്നത്.
രാവിലെ 9.15ന് ഹർജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ് എന്നിവരടങ്ങിയ പുതിയ ബെഞ്ചാണ് രാവിലെ 10.30ന് ഹർജി പരിഗണിച്ചത്. കൊളീജിയം തീരുമാനം റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അഡീഷണൽ ജഡ്ജി ആകുന്ന വ്യക്തി ജുഡീഷ്യൽ ചട്ടങ്ങൾ ലംഘിച്ചാൽ നിയമനം സ്ഥിരമാക്കാതിരിക്കാമെന്നും കോടതി പറഞ്ഞു.
താൻ ബിജെപിയുടെ മഹിളാ മോർച്ച ജനറൽ സെക്രട്ടറിയാണെന്ന് ഗൗരി തന്നെ നേരത്തേ വ്യക്തമാക്കിയിരുന്നു. കൊളീജിയം പേര് ശുപാർശ ചെയ്തതിനു പിന്നാലെ, ന്യൂനപക്ഷങ്ങൾക്കെതിരായ ഇവരുടെ നിലപാടു ചൂണ്ടിക്കാട്ടി അയോഗ്യത പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. മദ്രാസ് അഭിഭാഷക ബാറിലെ ചിലരും ഗൗരിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹർജി 10ന് പരിഗണിക്കാനിരിക്കെയാണ് നിയമനവിവരം നിയമമന്ത്രി പ്രഖ്യാപിച്ചത്.