Breaking News

ജസ്റ്റിസ് സയ്യിദ് അബ്ദുൽ നസീറിന്റെ ഗവർണർ പദവി; അപലപിച്ച് എ.എ.റഹിം

തിരുവനന്തപുരം: സുപ്രീം കോടതി മുൻ ജഡ്ജി സയ്യിദ് അബ്ദുൾ നസീറിനെ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ എതിർത്ത് എ.എ റഹീം എം.പി. നരേന്ദ്ര മോദി സർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന് കളങ്കമാണെന്നും റഹീം പറഞ്ഞു.

ഉന്നത നീതിപീഠത്തിൽ സേവനമനുഷ്ഠിക്കുന്ന ഒരു ജഡ്ജി നിലനിർത്തേണ്ട ഉയർന്ന നിഷ്പക്ഷതയും ഭരണഘടനയോടുള്ള വിശ്വസ്തതയും അല്ല ജസ്റ്റിസ് സയ്യിദ് അബ്ദുൽ നസീറിൽ നിന്ന് ഉണ്ടായത്. അയോധ്യ കേസിലെ വിധിയെക്കുറിച്ചും മനുസ്മൃതിയെക്കുറിച്ചുള്ള ജസ്റ്റിസ് സയ്യിദ് അബ്ദുൾ നസീറിന്‍റെ പരാമർശങ്ങളെക്കുറിച്ചും റഹീം ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചു.

“ഈ വർഷം ജനുവരി നാലിനാണ് ജസ്റ്റിസ് സയ്യിദ് അബ്ദുൾ നസീർ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചത്. ഇന്ന് അദ്ദേഹം ആന്ധ്രാപ്രദേശ് ഗവർണറായി നിയമിതനായി. അയോധ്യ കേസിൽ അന്തിമ വിധി പ്രസ്താവിച്ച ബെഞ്ചിൽ അംഗമായിരുന്നു അദ്ദേഹം എന്നോർക്കണം. 2021 ഡിസംബർ 26 ന് ഹൈദരാബാദിൽ നടന്ന അഖില ഭാരതീയ അധിവക്ത പരിഷത്തിന്‍റെ ദേശീയ കൗൺസിൽ യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു, ഇതു വിവാദവുമായിരുന്നു. ഇതൊരു സംഘപരിവാർ ലോയേഴ്സ് അസോസിയേഷനാണ്. മനുസ്മൃതിയുടെ മഹത്തായ പാരമ്പര്യത്തെ ഇന്ത്യൻ നിയമവ്യവസ്ഥ തുടർച്ചയായി അവഗണിക്കുകയാണെന്ന് അവിടുത്തെ തന്‍റെ പ്രസംഗത്തിൽ അബ്ദുൾ നസീർ അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടനാപരമായ മൂല്യങ്ങൾക്ക് ചേർന്നതല്ല കേന്ദ്രസർക്കാർ നീക്കം. ജസ്റ്റിസ് അബ്ദുൽ നസീറിനെ ഗവർണറായി നിയമിക്കാനുള്ള തീരുമാനം അങ്ങേയറ്റം അപലപനീയമാണ്.”- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …