അഹമ്മദാബാദ്: സർക്കാർ ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുന്ന ജനപ്രതിനിധികളുടെ നടപടി തെറ്റാണെന്ന് ഗുജറാത്ത് ഹൈക്കോടതി. ഇത്തരം ജനപ്രതിനിധികളെ പുറത്താക്കാമെന്നും ഗുജറാത്ത് ഹൈക്കോടതി പറഞ്ഞു. ഉദ്യോഗസ്ഥരെ പരസ്യമായി അപമാനിച്ചതിന് ഗുജറാത്തിലെ ഉൻജ മുനിസിപ്പൽ കോർപ്പറേഷൻ അംഗം ഭവേഷ് പട്ടേലിനെ പുറത്താക്കിയത് ശരിവച്ചു കൊണ്ടാണ് കോടതിയുടെ പരാമർശം.
കോവിഡ് -19 ന്‍റെ രണ്ടാം തരംഗത്തിൽ ഗുജറാത്തിലെ ഉൻജ മുനിസിപ്പാലിറ്റിയിലെ മാർക്കറ്റ് അടച്ചുപൂട്ടാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കോർപ്പറേറ്റർ ഭവേഷ് പട്ടേൽ നിന്ദ്യമായ ഭാഷയിൽ അപമാനിച്ചിരുന്നു. കോവിഡ് വ്യാപനം തടയുന്നതിനായി മാർക്കറ്റ് അടയ്ക്കാൻ ശ്രമിച്ച മുനിസിപ്പാലിറ്റിയിലെ ചീഫ് സാനിറ്ററി ഓഫീസറെ പരസ്യമായി അപമാനിക്കുന്ന വീഡിയോ ഭവേഷ് പട്ടേൽ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ടയിരുന്നു.
ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്ന് ഗുജറാത്ത് മുനിസിപ്പൽ ആക്ടിലെ സെക്ഷൻ 37 (1) പ്രകാരം മോശം പെരുമാറ്റത്തിന് സംസ്ഥാന മുനിസിപ്പൽ കമ്മീഷണർ ഭാവേഷ് പട്ടേലിനെ പുറത്താക്കിയിരുന്നു. ഇതിന് എതിരെയാണ് പട്ടേൽ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഉത്തമ വിശ്വാസത്തോടെയാണ് ഉദ്യോഗസ്ഥരെ ചന്ത അടപ്പിക്കുന്നതില്‍ നിന്ന് തടഞ്ഞത് എന്നായിരുന്നു പട്ടേലിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ വാദിച്ചത്. പ്രചരിച്ച വീഡിയോ യഥാർത്ഥത്തിൽ സംഭവിച്ചതല്ല കാണിക്കുന്നതെന്നും അഭിഭാഷകർ ചൂണ്ടികാട്ടി. എന്നാല്‍ ഈ വാദം അംഗീകരിക്കാതെയായിരുന്നു കോടതിയുടെ പരാമർശം.