ഇസ്രയേൽ സ്വദേശിയായ യുവതിയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി .ജീവനൊടുക്കാൻ ശ്രമിച്ച മലയാളിയായ ഭർത്താവിനെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാധ എന്ന് വിളിക്കുന്ന സത് വ (36 )ആണ് കൊല്ലപ്പെട്ടത് .ഇവരുടെ ഭർത്താവായ കൃഷ്ണചന്ദ്രൻ (ചന്ദ്രശേഖരൻ നായർ 75) ആണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ഉള്ളത്. കഴിഞ്ഞദിവസം വൈകിട്ട് 3.30ന് കൊല്ലം കൊട്ടിയത്ത് ഡീസെന്റ് ജംഗ്ഷനിലെ കോടാലി മുക്കിന് സമീപത്ത് റേഷൻ കടയ്ക്ക് എതിർവശത്തുള്ള തിരുവാതിര എന്ന വാടക വീട്ടിലായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് _ _ഇങ്ങനെയാണ്: രവികുമാറും ഭാര്യ ബിന്ദുവും ആണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത് .ബിന്ദുവിന്റെ പിതൃ സഹോദരനാണ് കൃഷ്ണചന്ദ്രൻ.രവികുമാറും ബിന്ദുവും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത് .ബിന്ദു ബന്ധുവീട്ടിൽ പോയി മടങ്ങിയെത്തി കോളിംഗ് ബെൽ ഒട്ടേറെ തവണ അടിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് വീടിൻറെ പിന്നിലെ വാതിൽ തുറന്നു അകത്തുകയറി. കൃഷ്ണചന്ദ്രനും സത് വയും കിടക്കുന്ന മുറിയിലെ കതയിൽ തട്ടി, കുറെ തവണ തട്ടിയപ്പോൾ കൃഷ്ണചന്ദ്രൻ വാതിലിന്റെ പാതി തുറന്നു. ബിന്ദു മുറുക്കുള്ളിൽ നോക്കിയപ്പോൾ സത് വ കഴുത്തിനു മുറിവേറ്റ് കട്ടിലിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്.
നിലവിളിച്ചപ്പോൾ ബിന്ദുവിന്റെ മുന്നിൽ വച്ച് തന്നെ കൃഷ്ണചന്ദ്രൻ കത്തികൊണ്ട് സ്വയം കുത്തി മുറിവേൽപ്പിച്ചതായാണ് പറയപ്പെടുന്നത്. തുടർന്ന് ബിന്ദു അയൽവാസികളെയും നാട്ടുകാരെയും വിളിച്ചു കതക് ചവിട്ടി പൊളിച്ചു അകത്തു കയറുകയായിരുന്നു. കഴുത്തിനു മുറിവേറ്റുകിടക്കുന്ന സത് വയ്ക്കു സമീപത്തു ചന്ദ്രനും അവശനിലയിൽ കിടക്കുകയായിരുന്നു. നാട്ടുകാർ ഉടൻ കൊട്ടിയം പോലീസിനെ വിവരമറിയിച്ചു. ചന്ദ്രനെ നാട്ടുകാരും സത് വയെ പോലീസുമാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സത് വ മരിച്ചിരുന്നു.
വൈകാതെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി .കൃഷ്ണചന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 16 വർഷമായി കൃഷ്ണചന്ദ്രനും സത് വയും ഒരുമിച്ചാണ് താമസം .ഋഷികേശിൽ യോഗ അധ്യാപകനായിരുന്ന കൃഷ്ണചന്ദ്രന്റെ ശിഷ്യയായിരുന്നു സത് വ .ഇവർ പിന്നീട് വിവാഹം കഴിച്ചു.ഇരുവരും ഒരു വർഷം മുൻപാണ് കേരളത്തിൽ എത്തിയത് .ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കുറച്ചുനാളുകളായി ജീവനൊടുക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം ആദ്യം കുത്തിയെങ്കിലും മരിക്കാത്തതിനാൽ തന്നോട് ആവശ്യപ്പെട്ടത് പ്രകാരം കുത്തിയതാണെന്നും പിന്നീട് സ്വയം ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നും കൃഷ്ണൻ ചന്ദ്രൻ പോലീസിനോടു പറഞ്ഞു