കൊല്ലം; ട്രോളിംഗ് നിരോധനം ആരംഭിക്കും മുമ്ബേ മത്സ്യവില പൊള്ളുന്നു. ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും ഇപ്പോള്‍ കാര്യമായി കോള് ലഭിക്കുന്നില്ല. നിരന്തരം കാലാവസ്ഥാ മുന്നറിയിപ്പ് വരുന്നതിനാല്‍ ദിവസങ്ങളോളം കടലില്‍ കിടക്കുന്ന
ബോട്ടുകളില്‍ വലിയൊരു വിഭാഗം മത്സ്യബന്ധനത്തിന് പോകുന്നില്ല. വള്ളങ്ങള്‍ക്ക് അയല, കുറ്റ, ചെറിയ ചൂര, പരവ തുടങ്ങിയ ഇനങ്ങളാണ് കൂടുതലായി കിട്ടുന്നത്. ബോട്ടുകള്‍ക്ക് അയലയും കണ്ണന്‍കൊഴിയാളയും കിളിമീനുമാണ് ലഭിക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രജിസ്‌ട്രേഷന്‍ നമ്ബരിലെ അവസാനത്തെ ഒറ്റ, ഇരട്ട സംഖ്യകളുടെ അടിസ്ഥാനത്തില്‍ പകുതിയോളം വള്ളങ്ങളും ബോട്ടുകളും മാത്രമാണ് കടലില്‍ പോകുന്നത്.
അതുകൊണ്ട് തന്നെ ലേലം നിരോധിച്ചിരിക്കുകയാണെങ്കിലും ഹാര്‍ബറുകളില്‍ കച്ചവടക്കാര്‍ തമ്മില്‍ മത്സരം കൊഴുക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങളുടെയും കാലാവസ്ഥാ മുന്നറിയിപ്പുകളുടെയും ഭാഗമായി
അടഞ്ഞുകിടന്ന ഹാര്‍ബറുകള്‍ രണ്ടാഴ്ച മുമ്ബ് തുറന്നപ്പോള്‍ മത്സ്യത്തിന്റെ ന്യായവില പുതുക്കി നിശ്ചയിച്ചിരുന്നു. മത്സ്യലഭ്യത ഉയരുമ്‌ബോള്‍ ന്യായവില താഴുമെന്നാണ് കരുതിയിരുന്നത്.
പക്ഷെ ഇപ്പോള്‍ മറിച്ചാണ് സംഭവിക്കുന്നത്. ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ ശക്തികുളങ്ങര ഹാര്‍ബര്‍ പൂര്‍ണമായും അടയും. ഇതോടെ കൊല്ലത്തിന് പുറമേ പത്തനംതിട്ട, കോട്ടയം ജില്ലകളിലും മത്സ്യവില കൂടുതല്‍ ഉയരും.