സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്ക് (ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ്-ബി.എസ്.ബി.ഡി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വീസ് ചാര്‍ജുകള്‍ കൂട്ടുന്നു. ജുലൈ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍
വരും. ഈ അക്കൗണ്ട് മുഖേന ഒരു മാസത്തില്‍ നാലു തവണ മാത്രമേ എടി.എമ്മില്‍ നിന്നും കൗണ്ടറില്‍ നിന്നും സൗജന്യമായി പണം പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ഇതില്‍ കൂടിയാല്‍
ഓരോ തവണ പിന്‍വലിക്കുമ്പോഴും 15 രൂപയും ജി.എസ്.ടിയും നല്‍കണം. ബി.എസ്.ബി.ഡി അക്കൗണ്ട് ഉടമകള്‍ക്ക് ഒരു വര്‍ഷം 10 ചെക് ലീഫുവരെ ബാങ്ക് സൗജന്യമായി അനുവദിക്കും.
അധികമായി നല്കുന്ന 10 ചെക് ലീഫിന് 40 രൂപയും ജി.എസ്.ടിയും 25 ചെക് ലീഫാണെങ്കില് 75 രൂപയും ജി.എസ്.ടിയും നല്‍കണം.
അടിയന്തിര സാഹചര്യത്തില്‍ അനുവദിക്കുന്ന 10 ലീഫുള്ള ചെക്ബുക്കിന് 50 രൂപയും ജി.എസ്.ടിയുമാണ് നല്‍കേണ്ടത്. എന്നാല്‍, ചെക്ബുക്ക് സേവനങ്ങള്‍ക്ക് പണം ഈടാക്കുന്നതില്‍ നിന്ന്
മുതിര്‍ന്ന പൗരന്മാരായ ഉപയോക്താക്കളെ ഒഴിവാക്കിയിട്ടുണ്ട്. സമൂഹത്തിലെ ദരിദ്രരായവര്‍ക്ക് ഫീസില്ലാതെ ബാങ്കിങ്ങ് സേവനങ്ങള്‍ നല്കാന്
ലക്ഷ്യമിട്ടുള്ളതാണ് സീറോ ബാലന്‍സ് അക്കൗണ്ടുകള്‍. ഈ അക്കൗണ്ടുകളിലെ സേവനങ്ങള്‍ക്കാണ് പുതിയ നിരക്ക് ഏര്‍പ്പെടുത്തിയത്.