കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റവാളിയായ റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജികള്‍ സുപ്രീം കോടതി തള്ളി. പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് റോബിന്‍ വടക്കുംചേരിയും ഇരയായ
പെണ്‍കുട്ടിയും സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ ഇടപെടില്ലെന്നും ഇരുവര്‍ക്കും ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. ഉഭയസമ്മതത്തോടെയാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അതുകൊണ്ട് വിവാഹം കഴിച്ച് ജീവിക്കാന്‍
അനുവദിക്കണമെന്നുമാണ് മുന്‍ വൈദികനായ റോബിന്‍ ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നത്. റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
റോബിനെ വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം താല്‍പര്യ പ്രകാരമാണെന്നാണ് പെണ്‍കുട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹർജിയില്‍ പറഞ്ഞത്. പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി റോബിന്‍ വടക്കുംചേരി
നല്‍കിയ ഹർജി നേരത്തെ കേരള ഹൈകോടതി നേരത്തെ തള്ളിയിരുന്നു. 20 വര്‍ഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ പിഴക്കും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന റോബിന്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍
ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജിയാണ് അന്ന് തള്ളിയത്. ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഒത്തുതീര്‍പ്പോ ദയാപരമായ സമീപനമോ സാധ്യമല്ലെന്ന് വിലയിരുത്തിയായിരുന്നു ഉത്തരവ്.