സ്വാതന്ത്ര്യദിനത്തില്‍ പാര്‍ക്കില്‍ ഒത്തുകൂടിയ ആളുകള്‍ ആക്രമിച്ചുവെന്ന് യുവതിയുടെ പരാതി. മുന്നൂറിലധികം ആളുകളുള്ള ‘ഭ്രാന്തന്‍കൂട്ടം’ വസ്ത്രം വലിച്ചു കീറുകയും മുകളിലേക്ക് എടുത്തെറിയുകയും ചെയ്തുവെന്നാണ് പരാതി.
പാകിസ്താനിലെ ലാഹോറില്‍ മിനാറെ പാകിസ്താന് സമീപം ഗ്രേറ്റര്‍ ഇഖ്ബാല്‍ പാര്‍ക്കിലാണ് സംഭവം നടന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ യുവതിയും ആറും സുഹൃത്തുക്കളും ചേര്‍ന്ന് ടിക്ടോക് വിഡിയോ ചിത്രീകരിക്കുകയായിരുന്നു.
അതിനിടെ ആള്‍ക്കൂട്ടം ഇടപെടുകയും യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയുമായിരുന്നു. യുവതിയെ വായുവിലെറിഞ്ഞ് കളിച്ച ആള്‍ക്കൂട്ടം ആഭരണങ്ങളടക്കം മോഷ്ടിക്കുകയും ചെയ്തു. യുവതിയോടൊപ്പമുള്ളവര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും മൂന്നുറിലധികമുള്ള
ആള്‍ക്കുട്ടത്തെ നിയന്ത്രിക്കാനായില്ലെന്ന് യുവതി പറഞ്ഞതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. യുവതിയുടെ മോതിരം, കമ്മലുകള്‍, കൂടെയുള്ളവരുടെ മൊബൈല്‍ ഫോണുകള്‍, പണം എന്നിവ ആള്‍ക്കൂട്ടം കവര്‍ന്നുവെന്ന് പൊലീസില്‍
നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ലോറി അഡ്ഡ പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിട്ടുണ്ട്. അടിയന്തര നടപടിയെടുക്കാന്‍ എസ്.പിക്ക് ലാഹോര്‍ ഡി.ഐ.ജി സാജിദ് കിയ്യാനി ഉത്തരവ് നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.