ലക്ഷദ്വീപ് ഭരണപരിഷ്കാരങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ലക്ഷദ്വീപില്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് ബീഫ് ഒഴിവാക്കിയതും ഡയറി ഫാം അടച്ചു പൂട്ടിയതും ചോദ്യം ചെയ്താണ് ഹര്‍ജി. കവരത്തി സ്വദേശി ആര്.അജ്മല്‍ അഹമ്മദ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.
ലക്ഷദ്വീപ് വിഷയം നയപരമാണെന്നും അതില്‍ ഇടപെടാന്‍ കോടതിക്ക് അനുവാദമില്ലെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് വ്യക്തമാക്കി. ഉച്ചഭക്ഷണത്തിലെ വിഭവങ്ങള്‍ തീരുമാനിക്കാന്‍ ഭരണകൂടത്തിന് അധികാരമുണ്ടെന്ന് ചുണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഹര്‍ജി തള്ളിയത്.
ദ്വീപില്‍ ബീഫ് സുലഭമാണന്നും മറ്റ് ചില പ്രോട്ടീന്‍ വിഭങ്ങള്‍ ഉള്‍പ്പെടുത്തിയെന്നും ബീഫ് ഉള്‍പ്പെടുത്താന്‍ ചില പ്രായോഗിക വിഷമതകള്‍ ഉണ്ടെന്നും ഭരണകൂടം അറിയിച്ചു. അതേസമയം, ഡയറി ഫാം പ്രതിവര്‍ഷം ഒരു കോടി നഷ്ടത്തിലായതിനാലാണ് അടച്ചു പൂട്ടിയതെന്നുംവിശദീകരിച്ചു.
ഭരണപരിഷ്കാരങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളെ കേന്ദ്രസര്‍ക്കാരും എതിര്‍ത്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളാണ് ദ്വീപില്‍ നടപ്പാകുന്നത്. അതില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.