സംസ്ഥാനത്ത് മില്‍മയുടെ പുതിയ ചുവടുവെയ്പ്പ്. ഇനിമുതല്‍ പണത്തിന് മാത്രമല്ല, പാല്‍ വിതരണത്തിനും എ.ടി.എം വരുന്നു. മില്‍മയാണ് പാല്‍ വിതരണത്തിനായി എ.ടി.എം സന്‍റെറുകള്‍ ആരംഭിക്കുന്നത്.
അടുത്ത ഒരു മാസത്തിനുള്ളില്‍ മില്‍മ പാല്‍ വിതരണത്തിനായി എ.ടി.എം സന്‍റെറുകള്‍ തുടങ്ങാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മേഖലയിലാണ് എ.ടി.എം സെന്‍ററുകള്‍ ആദ്യം തുറക്കുക.
സംസ്ഥാന സര്‍ക്കാരും ഗ്രീന്‍ കേരള കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ പരീക്ഷണാര്‍ത്ഥം തിരുവനന്തപുരം നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ പാല്‍ വിതരണ എ.ടി.എം സെന്‍ററുകള്‍ സ്ഥാപിക്കും.
പദ്ധതി വിജയകരമായാല്‍ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. ക്ഷീര വിപണന മേഖല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി. ഓരോ ദിവസവും സെന്‍ററുകളില്‍ പാല്‍ നിറയ്ക്കുന്ന തരത്തിലായിരിക്കും ക്രമീകരണം. നിലവിലെ പദ്ധതിയിലൂടെ പാക്കിങ്ങ് ചാര്‍ജില്‍ അടക്കം വരുന്ന അധിക ചാര്‍ജ് ഇല്ലാതാകുമെന്നും മില്‍മ അവകാശപ്പെടുന്നു.