ജാതകത്തിലുള്ള പൊരുത്തക്കേട് വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറാനുള്ള ഒരു കാരണമല്ലെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്രയിലെ ബഡ്ലാപൂര്‍ നിവാസി വിവാഹ
വാഗ്ദാനം നല്കി തന്റെ കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് യുവതിയെ ഒഴിവാക്കുകയും ചെയ്ത കേസിലാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്.
യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇയാൾക്കെതിരെ പോലിസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ നിന്ന് പിന്മാറാന് ജാതക
പൊരുത്തക്കേടാണ് ഇയാള്‍ കാരണമായി കോടതിയില്‍ ബോധിപ്പിച്ചത്. ഈ ഒഴിവുകഴിവിലൂടെ ബലാത്സംഗക്കുറ്റത്തില്‍ നിന്ന് മോചിതനാകുവാനായിരുന്നു ഇയാളുടെ ശ്രമം.
എന്നാല്‍ ജാതക പൊരുത്തക്കേട് സാധുവായ കാരണമായി ബോംബെ ഹൈക്കോടതി അംഗീകരിച്ചില്ല. ബോറിവാലി സ്വദേശിയായ കാമുകി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്
33 കാരനായ അവിഷേക് മിത്രയ്ക്കെതിരെ പോലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെ തുടര്‍ന്ന് അവിഷേക് മിത്ര ബലാത്സംഗ കേസില്‍
നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട നല്കിയ അപേക്ഷ ഡിന്‍ഡോഷിയിലെ ഒരു അഡീഷണല്‍ സെഷന്‍സ് ജഡ്ജി തള്ളിയിരുന്നു. പിന്നാലെ കേസുമായി അവിഷേക് ഹൈക്കോടതിയിലേക്ക്
നീങ്ങി. 2012ല്‍ മുംബൈയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവര്‍ക്കും പരസ്പരം അറിയാമെന്നും, ശാരീരിക ബന്ധം
പുലര്‍ത്താന്‍ പ്രതി വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും പരാതികാരി ആരോപിച്ചു. യുവതി ഗര്‍ഭം ധരിച്ചപ്പോള്‍, രണ്ട് വര്‍ഷത്തിന് ശേഷം അവളെ വിവാഹം കഴിക്കാമെന്ന് പ്രതി
വാഗ്ദാനം നല്കി അത് അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ 2012 ഡിസംബര്‍ മുതല്‍ തന്നെ യുവാവ് ഒഴിവാക്കാന്‍ തുടങ്ങിയതായി മനസ്സിലാക്കിയ
യുവതി ഡിസംബര്‍ 28ന് അയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്കി. പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇവരെ കൗണ്‍സിലിംഗിനായി വിടുകയും, 2013 ജനുവരി 4ന് പ്രതി മാതാപിതാക്കള്‍ക്കൊപ്പം ഹാജരാവുകയും അവളെ വിവാഹം കഴിക്കാന്‍ സമ്മതിക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം, പരാതിക്കാരി തന്റെ പരാതി പിന്‍വലിച്ചു. എന്നാല്‍ ജനുവരി 18ന്, വിവാഹത്തില്‍ നിന്ന് പിന്മാറിക്കൊണ്ട് പ്രതി കൗണ്‍സിലര്‍ക്ക് കത്തെഴുതി.
ഒടുവില്‍, പരാതിക്കാരിയുടെ പുതിയ പരാതി പ്രകാരം പോലീസ് അയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
പിന്നീട് വിചാരണക്കോടതി പ്രതിയെ വിട്ടയയ്ക്കാനുള്ള അപേക്ഷ തള്ളി. തുടര്‍ന്ന് പ്രതി ഹൈക്കോടതിയെ സമീപിച്ചു. രണ്ടുപേരുടെയും ജാതകങ്ങള്‍ പൊരുത്തപ്പെടാത്തതിനാല്‍, ഇത്
വിവാഹ വാഗ്ദാന ലംഘനമായി കണക്കാക്കരുതെന്ന് പ്രതിയുടെ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍ ജസ്റ്റിസ് സന്ദീപ് ഷിന്‍ഡെയുടെ ഏക ജഡ്ജി ബെഞ്ച് ഈ വാദം അംഗീകരിക്കാന്‍ വിസമ്മതിച്ചു. കേസില്‍, പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന തന്റെ വാഗ്ദാനം
പാലിക്കാന്‍ അപേക്ഷകന് ഉദ്ദേശ്യമില്ലെന്ന് സൂചിപ്പിക്കാന്‍ മതിയായ വിവരങ്ങള്‍ ഉണ്ടെന്ന് ജഡ്ജി പറഞ്ഞു.
”പ്രഥമദൃഷ്ട്യാ പരാതിക്കാരിയെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്ത് അവളുടെ ആദ്യ പരാതി പിന്‍വലിപ്പിക്കാന്‍ പ്രതിയ്ക്ക് കഴിഞ്ഞു. പ്രതിയുടെ ഉദ്ദേശ്യങ്ങള്‍
സത്യസന്ധമായിരുന്നെങ്കില്‍, പ്രതി കൗണ്‍സിലര്‍ക്ക് കത്ത് എഴുതുകയും വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയും ചെയ്യില്ലായിരുന്നുവെന്നും” ജഡ്ജി പറഞ്ഞു.
”ജാതകങ്ങളുടെ പൊരുത്തക്കേടിന്റെ മറവില്‍ പ്രതി വിവാഹ വാഗ്ദാനം പിന്‍വലിച്ചതായി വ്യക്തമാണ്. ഇത് പരാതിക്കാരിയോടുള്ള വഞ്ചനയാണ്” പ്രതിയുടെ ഹര്‍ജി തള്ളി ജസ്റ്റിസ് ഷിന്‍ഡെ കേസ് അവസാനിപ്പിച്ചു.