കേരളത്തെ നടുക്കിയ തേക്കടി ബോട്ട് ദുരന്തം നടന്നിട്ട് വ്യാഴാഴ്ച 12 വര്‍ഷം തികയുമ്ബോഴും കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല. 2009 സെപ്റ്റംബര്‍ 30നായിരുന്നു ദുരന്തം. കെ.ടി.ഡി.സിയുടെ ‘ജലകന്യക’ എന്ന ഇരുനില ബോട്ട് തേക്കടി തടാകത്തിലെ മണക്കവലക്ക് സമീപം മറിഞ്ഞ് 45 പേരാണ് മരിച്ചത്. സംഭവത്തില്‍ ബോട്ടിലെ രണ്ട് ജീവനക്കാര്‍ ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. ദുരന്തശേഷം രണ്ടുവര്‍ഷം അനുസ്മരണവും പ്രാര്‍ഥനകളും നടന്നെങ്കിലും പിന്നെയെല്ലാം മറവിയില്‍ മുങ്ങി.
ദുരന്തകാരണങ്ങള്‍ അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ട് വര്‍ഷങ്ങളായെങ്കിലും തുടര്‍നടപടികളുണ്ടായില്ല. റിപ്പോര്‍ട്ടില്‍ പറഞ്ഞ നിര്‍ദേശങ്ങളില്‍ പ്രധാനമായിരുന്ന റെസ്ക്യൂ ബോട്ട്, ബോട്ട് ഓടിക്കുന്നതിന് സ്രാങ്ക് എന്നിങ്ങനെ കാര്യങ്ങളൊന്നും നടപ്പായില്ല. നിലവിലുണ്ടായിരുന്ന ജീവനക്കാരില്‍ ചിലര്‍ക്ക് സ്രാങ്ക് ലൈസന്‍സ് നല്‍കിയാണ് ഇപ്പോള്‍ സര്‍വിസ് തുടരുന്നത്.
ബോട്ട് ദുരന്തത്തെക്കുറിച്ച് സമാന്തരമായി അന്വേഷിച്ച ക്രൈംബ്രാഞ്ചിലെ ആദ്യസംഘം ബോട്ട് വാങ്ങിയ കരാറിലേക്ക് പരിശോധന എത്തിയതോടെ തെറിച്ചു. ഇതോടെ നിലച്ച അന്വേഷണം പുനരാരംഭിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. പുതിയ അന്വേഷണസംഘം കുറ്റപത്രം തയാറാക്കിയെങ്കിലും ഇതില്‍ പലരെയും ഒഴിവാക്കിയതായാണ് വിവരം. ബോട്ട് വാങ്ങിയതിലെ അഴിമതിയില്‍ പങ്കാളിയായ കെ.ടി.ഡി.സിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇപ്പോഴും പ്രധാന തസ്തികയില്‍ തുടരുന്നത് അന്വേഷണം അട്ടിമറിച്ചതിന്റെ വ്യക്തമായ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു.
വിനോദസഞ്ചാരികളായെത്തി ജീവന് നഷ്ടപ്പെട്ട 45 പേരും അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് ഉള്ളവരായിരുന്നു. അപകടത്തിനിടയാക്കിയ ജലകന്യകയെന്ന ബോട്ട് തടാകതീരത്ത് കിടന്ന് ഏറക്കുറെ പൂര്‍ണമായി നശിച്ചു. ബോട്ടിന്റെ വിലപിടിപ്പുള്ള പലഭാഗങ്ങളും മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയി. തകര്‍ന്ന ഫൈബര്‍ ബോഡിയും കസേരകളും എന്‍ജിന്റെ ഏതാനും ഭാഗങ്ങളും മാത്രമാണ് ശേഷിക്കുന്നത്.