വാട്സ്‌ആപ്പില്‍ സ്ഥിരമായി ഗുഡ്മോണിങ് മെസേജ് അയച്ചയാളെ കാണാന്‍ പോയ മധ്യവയസ്കന് നഷ്ടമായത് അഞ്ച് ലക്ഷത്തോളം രൂപ. ബെംഗളുരുവിലാണ് സംഭവം. ബെംഗളുരു ഗോവിന്ദപുരം പൊലീസ് സ്റ്റേഷനില്‍ അമ്ബതുകാരനാണ് പരാതി നല്‍കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ക്ക് ഒരു നമ്ബരില്‍ നിന്ന് പതിവായി ഗുഡ് മോണിങ് മെസേജ് ലഭിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.
ഒരു സ്ത്രീയുടെ പേരിലായിരുന്നു മെസേജുകള്‍ വന്നിരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് നേരിട്ട് കാണാമെന്ന് ഈ നമ്ബരില്‍ നിന്ന് മെസേജ് വന്നു. ലൊക്കേഷനും സ്ത്രീ മധ്യവയസ്കന് വാട്സ്‌ആപ്പില്‍ അയച്ചിരുന്നു. ഇതനുസരിച്ച് ഇയാള്‍ യുവതിയെ കാണാന്‍ പുറപ്പെട്ടു. ബെംഗളുരുവിലെ വീരനപാളയിലുള്ള ഒരു ഹോട്ടലിലേക്ക് എത്താനായിരുന്നു സ്ത്രീ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ഹോട്ടലിലെത്തിയ തന്നെ കാത്ത് മൂന്ന് പേരുണ്ടായിരുന്നതായി പരാതിക്കാരന്‍ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്നെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കിയ മൂവര്‍ സംഘം ക്രെഡിറ്റ് കാര്‍ഡും പഴ്സും തട്ടിയെടുത്തു. താന്‍ ലഹരികടത്തുകാരനാണെന്ന് ആരോപിച്ചായിരുന്നു വ്യാജ പൊലീസ് സംഘം തട്ടിപ്പ്
നടത്തിയതെന്ന് ഇയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട മധ്യവയസ്കന്‍ വീട്ടില്‍ എത്തുന്ന സമയത്തിനുള്ളില്‍ അക്കൗണ്ടില്‍ നിന്ന് 3,91,812 രൂപ നഷ്ടമായതായി കണ്ടെത്തി. അഞ്ച് അക്കൗണ്ടുകളിലേക്കായിരുന്നു പണം ട്രാന്‍സ്ഫര്‍ ചെയ്തത്. ഇതിനു പിന്നാലെ രണ്ട് ലക്ഷം രൂപ കൂടി പിന്‍വലിച്ചതായി മെസേജ് വന്നു.