ഉത്ര കൊലക്കേസില്‍ മാപ്പ് സാക്ഷിയുടെ മൊഴി വസ്തുതാപരമല്ലെന്ന് ആരോപണവുമായി പ്രതി സൂരജ് ഹൈക്കോടതിയില്‍. ഇരട്ടജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവിനെതിരെ സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേസില്‍ തനിക്കെതിരായ തെളിവുകള്‍ക്ക് ആധികാരികതയില്ല. പാമ്ബുകളുമായി ബന്ധപ്പെട്ട് തന്റെ ഫോണില്‍ നിന്നും തന്റെ ചിത്രങ്ങള്‍ വീണ്ടെടുത്തിട്ടില്ല.
വിദഗ്ധ സമിതി കേസില്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികതയില്ലെന്നും സൂരജിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്. അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും ആവശ്യപ്പെട്ടു. ഉത്ര വധക്കേസില്‍ ഭര്‍ത്താവ് കൂടിയായ പ്രതി സൂരജിന് കോടതി ഇരട്ട ജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. ഉത്രയെ മൂര്‍ഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ
കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വര്‍ഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വര്‍ഷം. എന്നിങ്ങനെ നാല് ശിക്ഷകള്‍ ആണ് കോടതി വിധിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിന് ശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുക. പ്രതിയുടെ പ്രായവും ഇതിനു മുമ്ബ് കുറ്റകൃത്യങ്ങളില്‍ ഒന്നും പങ്കാളിത്തം ഇല്ലാത്തതും കണക്കിലെടുത്താണ് സൂരജിനെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്.